കൊച്ചി: പ്രമുഖ പണ്ഡിതനും മലപ്പുറം മഅദിനു സ്സഖാഫത്തു സുന്നിയ്യയിലെ പ്രധാന മുദരിസുമായിരുന്ന അബൂബക്കർ കാമിൽ സഖാഫി അഗത്തി വഫാത്തായി. ഗോളശാസ്ത്രത്തിൽ ഉൾപ്പെടെ വിവിധ പഠന ശാഖകളിൽ പ്രാവീണ്യമുള്ള പണ്ഡിതനായിരുന്നു. ഇസ്ലാമിക ഗ്രന്ഥങ്ങളിലെ അഗാധമായ പാണ്ഡിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്.
മലപ്പുറം മഅദിനു സ്സഖാഫത്തു സുന്നിയ്യയിൽ അഗത്തി ഉസ്താദ് എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ അനുസരിച്ചു കൊണ്ട് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.
പ്രിയപ്പെട്ട അഗത്തി ഉസ്താദ് (അബൂബക്കര്‍ സഖാഫി അല്‍ കാമിലി) വിടപറഞ്ഞു. ഈ വേദന സഹിക്കാന്‍ സാധിക്കുന്നില്ല. എങ്ങനെയാണ് ഈ ചെറുകുറിപ്പിലൂടെ അവരെ എഴുതിഫലിപ്പിക്കുകയെന്നുമെനിക്കറിയില്ല. ജീവിതത്തില്‍ ഒരു നിമിഷം പോലും അവര്‍ വെറുതെയിരുന്നിട്ടില്ലായെന്ന് അവരുടെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം തറപ്പിച്ചു പറയും. അവരുമായുള്ള ഒരു സംഭാഷണവും വൈജ്ഞാനികമാകാതിരുന്നിട്ടില്ല.
ഗോള ശാസ്ത്രം, കര്‍മ ശാസ്ത്രം, ചരിത്രം, ചരിത്രാന്വേഷണം, ഗവേഷണം, മാനുസ്ക്രിപ്റ്റുകളുടെ ശേഖരം തുടങ്ങി വൈജ്ഞാനിക പരിസരങ്ങളില്‍ അവരിടപെടാത്ത മേഖലകളില്ലതന്നെ. അമൂല്യമായ പല ഗ്രന്ഥങ്ങളുടെയും കയ്യെഴുത്ത് പ്രതികളും, നഷ്ടപ്പെട്ടു എന്ന് നാം വിശ്വസിക്കുന്ന രചനകളുടെ പുനരാഖ്യാനവുമെല്ലാം ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. ഉസ്താദ് വിടപറയുമ്പോള്‍ ആ ഭൗതിക ശരീരം മാത്രമല്ല നമ്മില്‍ നിന്നും മറക്കപ്പെടുന്നത്, എന്ത് ഉപമകൊണ്ട് വര്ണിക്കുമെന്നറിയാത്ത അവരുടെ വൈജ്ഞാനിക പാടവവും ശേഖരവും കൂടെയാണ്.
മഅ്ദിന്‍ സ്വലാത്ത് നഗറിലെ പഴയ പള്ളിയുടെ മുകളിലെ മുറിയില്‍ എപ്പോഴും അഗത്തി ഉസ്താദും അതിനോട് ചേര്‍ന്ന് അവരുടെ വിശാലമായ ഖുതുബ് ഖാനയുമുണ്ടായിരുന്നു. വൈജ്ഞാനികമായ അന്വേഷണങ്ങള്‍ക്ക് വേണ്ടിയല്ലാതെ അവരാ മുറിയില്‍ നിന്ന് വിരളമായല്ലാതെ പുറത്തിറങ്ങിയിട്ടില്ല. ഈ റബീഉല്‍ അവ്വലിലാണ് അഗത്തി ദ്വീപില്‍ വീട് കൂടിയത്. തലേ ദിവസം വീട് കൂടാനായി ഫ്ളൈറ്റ് മാര്‍ഗം ദ്വീപിലെത്തുകയും ചടങ്ങ് കഴിഞ്ഞ് പിറ്റേ ദിവസം ഫ്ളൈറ്റ് മാര്‍ഗം തിരികെ മഅ്ദിനിലെത്തി തന്റെ പതിവിലേക്ക് മടങ്ങുകയും ചെയ്തു. ഇതായിരുന്നു അവരുടെ ജീവിതത്തിന്റെ ചുരുക്കം.
സബ്ഖുകളിലിരുന്ന ശിഷ്യന്മാരെ അവര്‍ ചേര്‍ത്തു നിര്‍ത്തുന്നത് പലപ്പോഴും അത്ഭുതത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. തത്പരരായ ശിഷ്യന്മാരെ ടൈപിംഗ്, ഡിസൈനിംഗ്, മക്തബതു ശാമിലയുടെ ഉപയോഗം തുടങ്ങി സാങ്കേതികതകള്ക്കൂടെ അവര്‍ പഠിപ്പിക്കുമായിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ തേടാത്ത ഗോളശാസ്ത്ര ഗവേഷകരോ പഠിതാക്കളോ ഇല്ലായെന്നു തന്നെ പറയാം. കേരളത്തില്‍ ഇസ്ലാമിക പരിസരങ്ങളില്‍ നിന്നിറങ്ങുന്ന കലണ്ടറുകളിലെ നിസ്കാര സമയക്രമവും മാസ പിറവി നിര്‍ണയത്തിലുമെല്ലാം അവര്‍ നല്കിയ സംഭാവനയെ പകരമാക്കാനാകില്ല. ഏറെ കാലമായി ശാരീരികാവശതകള്‍ അവരുടെ കൂടെയുണ്ടായിരുന്നു. എങ്കിലും തന്റെ വൈജ്ഞാനിക സപര്യക്ക് ഒരു മുടക്കവും വരാതിരിക്കാന്‍ മഹാനവര്കള് ബദ്ധശ്രദ്ധനായിരുന്നു.
ശര്‍ഹു ലഖ്തുല്‍ ജവാഹിര്‍, ദശമഹാവൃത്തങ്ങള്‍, നമസ്കാര സമയഗണനം സൈന്റിഫിക് കാല്‍ക്കുലേഷനിലൂടെ, മാര്‍ഗ ദര്‍ശി, ശര്‍ഹു അഖീദത്തില്‍ അവാം, മുസ്ത്വലഹാത്തുല്‍ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമായ നൂറിലധികം രചനകള്‍ അവര്‍ ഈ ചുരുങ്ങിയ കാലത്തിനിടക്ക് നിര്‍വഹിച്ചിട്ടുണ്ട്.
മുകളിലേക്കുയര്‍ന്ന് നില്ക്കുന്ന വ്യക്തി പ്രഭാവം കൊണ്ട് നമ്മില്‍ ഭൂരിപക്ഷം പേരെയും വിസ്മയിപ്പിക്കാന് ഒരുപക്ഷേ, അഗത്തി ഉസ്താദിന് സാധിച്ചിരിക്കില്ല. എന്നാല്‍ പര്‍വ്വത സമാനമായി ആഴ്ന്നിറങ്ങിയ വൈജ്ഞാനിക വേരുകളാല്‍ ചുറ്റപ്പെട്ട ആ ജീവിതം ഇഹലോകം വെടിയുമ്പോള്‍ രൂപപ്പെടുന്ന ഗര്‍ത്തത്തിന്റെ ആഴം നാം എങ്ങനെ തിട്ടപ്പെടുത്താനാണ്.
-സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, ചെയർമാൻ, മഅ്ദിനു സ്സഖാഫത്തു സുന്നിയ്യ, മലപ്പുറം.