സമരക്കാരുടെ ആവശ്യങ്ങളിൽ അടിയന്തരമായി നടപടികൾ ഉണ്ടാകുമെന്ന് ഡി.സിയുടെ ഉറപ്പ്.
ആന്ത്രോത്ത്: ഭിന്നശേഷിയുള്ളവർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഡിസേബിൾഡ്സ് വെൽഫെയർ അസോസിയേഷൻ (എൽ.ഡി.ഡബ്ല്യു.എ) നടത്തി വരുന്ന സമരത്തോട് അനുഭാവപൂർണ്ണമായ സമീപനവുമായി ഡെപ്യൂട്ടി കളക്ടർ. എൽ.ഡി.ഡബ്ല്യു.എ ആന്ത്രോത്ത് ഘടകം സ്ഥലത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് നടത്തിയ സമരവേദിയിൽ ഡെപ്യൂട്ടി കളക്ടർ നേരിട്ടെത്തി സമരക്കാരുമായി ചർച്ച നടത്തി.
ആശുപത്രിയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക റൂം, വാർഫിലേക്ക് ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പോവുന്നതിന് അനുമതി നൽകുക, പെൻഷനുമായി ബന്ധപ്പെട്ട രേഖകളുടെ സങ്കീർണതകൾ ഒഴിവാക്കുക തുടങ്ങിയ ഡെപ്യൂട്ടി കളക്ടറുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഉടൻ തന്നെ പരിഹാരമുണ്ടാവും എന്ന് ഡെപ്യൂട്ടി കളക്ടർ സമരക്കാർക്ക് ഉറപ്പു നൽകി. അഡ്മിനിസ്ട്രേഷൻ തലത്തിൽ തീരുമാനം എടുക്കേണ്ട വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് നാസർ കുന്തത്തലം സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും പിന്തുണയുമായി സമരത്തിൽ പങ്കെടുത്തു. എൽ.ഡി.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് സാബിത്ത്, ആന്ത്രോത്ത് യൂണിറ്റ് പ്രസിഡന്റ് സകീർ ഹുസൈൻ നേതൃത്വം നൽകി.