കൃഷി, മൃഗസംരക്ഷണം, തൊഴിലില്ലായ്മ, പണ്ടാരം ഭൂമി, ഗതാഗതം, ആരോഗ്യം, തുറമുഖ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ വിഷയങ്ങൾ സഭയിൽ ഉയർത്തി.

ന്യൂഡൽഹി: പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന പാർലമെന്റ് പ്രസംഗത്തിൽ ലക്ഷദ്വീപ് നേരിടുന്ന വിവിധ വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ്. കൃഷി, മൃഗസംരക്ഷണം, തൊഴിലില്ലായ്മ, പണ്ടാരം ഭൂമി, ഗതാഗതം, ആരോഗ്യം, തുറമുഖ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ വിഷയങ്ങൾ സഭയിൽ ഉയർത്തി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാറാമൻ അവതരിപ്പിച്ച ബജറ്റിന് മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിന്റെ ആമുഖത്തിൽ തന്നെ കാർഷിക മേഖലയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ധനമന്ത്രി ഊന്നൽ നൽകിയത്. എന്നാൽ ലക്ഷദ്വീപിൽ കാർഷിക – മൃഗസംരക്ഷണ വകുപ്പുകൾ പൂർണ്ണമായി അടച്ചുപൂട്ടിയ സ്ഥിതിയിലാണ്. ഈ വകുപ്പുകളിലെ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇങ്ങനെയാണോ കാർഷിക മേഖലയെ പരിപോഷിപ്പിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു.

മിനിക്കോയ് ദ്വീപിൽ വളരെ മാതൃകാപരമായി പ്രവർത്തിച്ചുവന്നിരുന്ന പൊതുമേഖലാ മത്സ്യ മൂല്യ വർധിത വ്യവസായ സ്ഥാപനമായ ട്യൂണാ കാന്നിങ്ങ് ഫാക്ടറി അടച്ചു പൂട്ടി. നഷ്ടത്തിനാലായത് കൊണ്ടാണ് അടച്ചുപൂട്ടിയത് എന്നാണ് പറയുന്നത്. എന്നാൽ ദീർഘ കാലമായി നല്ല നിലയിൽ നടന്നുവന്നിരുന്ന സ്ഥാപനം എങ്ങനെയാണ് നഷ്ടത്തിലായത് എന്ന് അദ്ദേഹം ചോദിച്ചു.

നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ ജനങ്ങൾ കൈവശം വെച്ചു വരുന്ന പണ്ടാരം ഭൂമികൾ ഒരു സുപ്രഭാതത്തിൽ ഒരു മുൻകൂർ നോട്ടീസ് പോലും നൽകാതെ, നഷ്ടപരിഹാരം നൽകാതെ, ജനങ്ങളെ കേൾക്കാതെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത്. വികസനം എന്ന പേരുപറഞ്ഞ് ആയിരങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളെ വഴിയാധാരമാക്കാനുള്ള ആയുധമായി വികസനത്തെ മാറ്റുകയാണ്.

സർക്കാരിന്റെ വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകൾ ഉണ്ടായിരുന്നു. തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളെ അത്തരം ഒഴുവുകളിലേക്ക് നിയമിക്കുന്നതിന് പകരം, നിരവധി ഒഴിവുകൾ അബോളിഷ് ചെയ്യുകയാണ്. നാലായിരത്തോളം കോൺട്രാക്ട് ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുകയാണ്. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നില്ല. തത്വത്തിൽ തൊഴിൽ നിരോധനമാണ് ലക്ഷദ്വീപിൽ നിലനിൽക്കുന്നത്.

ഗതാഗത മേഖലയിൽ കഴിഞ്ഞ പത്തുവർഷമായി ഒരു കപ്പൽ പോലും പുതുതായി വന്നിട്ടില്ല. നൂറു ശതമാനം ടിക്കറ്റുകൾ ഓൺലൈൻ വഴി കൊടുക്കുകയാണ്. ഇതിലൂടെ ഓൺലൈൻ സംവിധാനങ്ങൾ പ്രാപ്യമല്ലാത്ത ആളുകൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്.

ആരോഗ്യ രംഗത്ത് നിലവിൽ ഉണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എടുത്തു കളഞ്ഞു. ഇപ്പോൾ മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കത്തിലാണ്. മംഗലാപുരത്തുള്ളവർ ഞങ്ങളുടെ ശത്രുക്കളല്ല. മറിച്ച് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് കൊച്ചിയെയാണ്. ഇൻഷുറൻസ് ഉൾപ്പെടെയുള്ളവ കൊച്ചിയിലെ ആശുപത്രികളിൽ നൽകുകയും ഇവാക്വേഷൻ മംഗലാപുരത്തേക്ക് നൽകുകയും ചെയ്യുന്നത് വിരോധാഭാസമാണ്.

ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ തുറമുഖ വികസനത്തോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുകയാണ്. രണ്ടു ദ്വീപുകളിലും കഴിഞ്ഞ പത്തുവർഷമായി ഒരു ടെട്രാപോഡ് പോലും സ്ഥാപിക്കാതെ വലിയ അവഗണനയാണ് തുടരുന്നത്. അംഗൺവാടി, ആശാ വർക്കർമാർ തുടങ്ങിയവരുടെ വേതനം ഉറപ്പാക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം. ജനവിരുദ്ധ, ദ്വീപ് വിരുദ്ധ, രാജ്യ വിരുദ്ധ നീക്കങ്ങളിൽ നിന്നും സർക്കാർ സംവിധാനങ്ങൾ പിൻമാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here