നീളത്തിനൊത്ത തടിയില്ലാതെ ശോഷിച്ച കുട്ടികൾ ഏറ്റവും കൂടുതൽ ലക്ഷദ്വീപിൽ

ഡൽഹി: രാജ്യത്തെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 17% പേർക്കും ഭാരക്കുറവുള്ളതായി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം. ഈ പ്രായപരിധിയിലുള്ള 36% കുട്ടികളിലും വളർച്ചാ മുരടിപ്പ് കണ്ടെത്തി. നീളത്തിനൊത്ത തടിയില്ലാതെ ശോഷിച്ച കുട്ടികൾ 6% ആണ്. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി അന്നപൂർണ്ണ ദേവിയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ വളർച്ചാ മുരടിപ്പ് രാജ്യത്ത് ഏറ്റവുമധികം ഉത്തർപ്രദേശിലാണ്. 46.36% കുട്ടികളിലാണ് ഉത്തർപ്രദേശിലെ വളർച്ചാ മുരടിപ്പ്. എന്നാൽ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിൽ ഉത്തർപ്രദേശിനെ അപേക്ഷിച്ച് ഏറെ മുന്നിലാണ് നമ്മളെങ്കിലും വളർച്ചാ മുരടിപ്പിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഉത്തർപ്രദേശിന് തൊട്ടു പിന്നാലെ ലക്ഷദ്വീപിലെ 46.31% കുട്ടികളിലും വളർച്ചാ മുരടിപ്പ് കണ്ടെത്തിയതായാണ് കണക്കുകൾ പറയുന്നത്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ നീളത്തിനൊത്ത തടിയില്ലാതെ ശോഷിച്ച കുട്ടികൾ ഏറ്റവും കൂടുതൽ ലക്ഷദ്വീപിലാണ്. ലക്ഷദ്വീപിലെ അഞ്ചു വയസ്സിനു താഴെയുള്ള 13.22% കുട്ടികൾക്കും അവരുടെ നീളത്തിനൊത്ത തടിയില്ലാതെ ശോഷിച്ചവരാണ്. തൊട്ടു പിന്നാലെയുള്ള ബീഹാറിലും, ഗുജറാത്തിലും ഇത് പത്തു ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ശരാശരി 6% മാത്രമാണ്. ഈ കണക്കുകൾ കൂടി മനസ്സിലാക്കി വേണം ലക്ഷദ്വീപിലെ കുട്ടികൾ ശോഷിച്ചതിന്റെ തീവ്രത വിലയിരുത്താൻ.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ ഭാരക്കുറവിന്റെ കാര്യത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ലക്ഷദ്വീപ് ഇടംപിടിച്ചിട്ടുണ്ട്. ഭാരക്കുറവുള്ള കുട്ടികൾ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്(26.41%). രണ്ടാം സ്ഥാനത്ത് ദാദ്ര നഗർ ഹവേലി ആന്റ് ദമൻ ആന്റ് ദിയുവിലാണ്(26.21%). മൂന്നാം സ്ഥാനത്ത് ലക്ഷദ്വീപാണ്. ലക്ഷദ്വീപിലെ 23.25% കുട്ടികൾക്കും ഭാരക്കുറവുണ്ട് എന്നാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത്.

കുട്ടികളിലെ പോഷകാഹാരം ഉറപ്പു വരുത്തുന്നതിന് ലക്ഷദ്വീപിലെ രക്ഷിതാക്കളും, സർക്കാർ സംവിധാനങ്ങളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നിട്ടും പോഷക കുറവിന്റെ സൂചികയായി കണക്കാക്കുന്ന ഈ കണക്കുകൾ ഒട്ടും ശുഭസൂചകമല്ല. ഒന്നുകിൽ നമ്മൾ നൽകി വരുന്ന പോഷകാഹാരങ്ങൾ നമ്മുടെ കുട്ടികളിൽ കാര്യക്ഷമമായി ഫലമുണ്ടാക്കുന്നില്ല. അല്ലെങ്കിൽ പോഷക കുറവിന് കാരണമാവുന്ന മറ്റെന്തെങ്കിലും ജീവിതശൈലി നമ്മുടെ കുട്ടികളിൽ കൂടുതലായി ഉണ്ടാവാം. ഈ കണക്കുകൾ നിസ്സാരമായി തള്ളാതെ നമ്മുടെ കുട്ടികളിൽ വ്യാപമായുള്ള ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ കൂടുതൽ പഠനങ്ങളും തുടർ നടപടികളും ഉണ്ടാവേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here