എല്ലാ ദ്വീപുകളിലും പാചക വാതക സിലിണ്ടറുകൾ അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ്

കവരത്തി: പാചക വാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയായ പ്രധാന മന്ത്രി പോഷൺ ശക്തി നിർമ്മാണിന് തടസ്സം ഉണ്ടാവാതിരിക്കാൻ വിറകു കൊള്ളി പെറുക്കി അതുകൊണ്ട് ഭക്ഷണം പാചകം ചെയ്യണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.ഇ രവീന്ദ്രനാഥൻ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ ചർച്ചയായിരുന്നത്.

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പി.എം.പോഷന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ദൈനംദിനം നേരിട്ട് വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സ്കൂളുകളിലെ ഉച്ചഭക്ഷണം നിസ്തുലമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് സർക്കുലറിൽ പറയുന്നു. മേയ് മുതൽ സപ്തംബർ വരെയുള്ള മാസങ്ങളിൽ ലക്ഷദ്വീപിൽ കാലവർഷമാണെന്നും, ഈ കാലയളവിൽ വൻകരയിൽ നിന്നും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നും ചോദിക്കുന്ന സർക്കുലറിൽ, ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും പാചക വാതക സിലിണ്ടറുകൾ അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ് സമ്മതിക്കുന്നു.

ഈ പ്രശ്നങ്ങൾ നേരിടാനാണ് ‘അത്യാധുനിക വിറകു കൊള്ളി നിർദ്ദേശം’ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുന്നത്. മൂന്ന് നിർദ്ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുന്നോട്ട് വെക്കുന്നത്. എന്നാൽ തത്വത്തിൽ മൂന്ന് നിർദ്ദേശങ്ങളും ഒറ്റ അർത്ഥം ഉദ്ദേശിച്ച് തന്നെയാണ് പറയുന്നത് എന്നതാണ് രസകരം. നിർദ്ദേശങ്ങൾ ഇങ്ങനെ.

  • പാചക വാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് നേരിടുന്ന ഘട്ടങ്ങളിൽ വിറകു കൊള്ളി കൊണ്ടുള്ള പാചകത്തിന് മുൻഗണന നൽകുക.
  • പാചക വാതകം ഉപയോഗിച്ചുള്ള പാചകം പതിവാക്കാതിരിക്കുക.
  • വിറകു കൊള്ളി കൊണ്ടുള്ള പാചകം പരമാവധി വർധിപ്പിക്കാൻ പാചകക്കാർക്കും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകർക്കും നിർദ്ദേശം നൽകുക.

പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ട് എന്ന് പറയുന്ന പദ്ധതിയുടെ നിസ്സഹായതയാണ് ഈ സർക്കുലറിൽ ഉടനീളം കാണാൻ സാധിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടും, ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും പാചക വാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സമ്മതിച്ചിട്ടും ആ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് പൊതുജനങ്ങൾ ഉയർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here