കവരത്തി: കോൺഗ്രസിനെ വിജയത്തിൽ എത്തിച്ചത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയാണെന്ന വിലയിരുത്തൽ തിരുത്തി ലക്ഷദ്വീപ് ടൈംസ്. ‘ലക്ഷദ്വീപ് ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വീണ്ടും ഹംദുള്ളാ സഈദിന് കോൺഗ്രസ് പാർട്ടി ടിക്കറ്റ് നൽകിയത്. കഴിഞ്ഞ വർഷങ്ങളിലായി തൊഴിൽരഹിതരായ അഭ്യസ്തവിദ്യരായ യുവാക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇത് ഹംദുള്ളാ സഈദിന്റെ മിന്നും വിജയത്തിന് ഏറെ ഗുണകരമായി സഹായിച്ചു’ എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.പി.ആർ ആദ്യം പങ്കുവെച്ച ലക്ഷദ്വീപ് ടൈംസ് ഇ-എഡിഷനിൽ ഉണ്ടായിരുന്നത്.
ഇത് പുറത്തുവന്നതോടെ തൊഴിൽ ഇല്ലായ്മയുടെ യഥാർത്ഥ കാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തെറ്റായ നടപടിയിലൂടെ ആയിരക്കണക്കിന് കോൺട്രാക്ട് സ്റ്റാഫുകളെ പിരിച്ചുവിട്ട തീരുമാനങ്ങൾ വീണ്ടും ചർച്ചയായി. അഡ്മിനിസ്ട്രേഷൻ നടത്തിയ കൂട്ടപിരിച്ചുവിടലും നിയമന നിരോധനവുമാണോ കോൺഗ്രസിനെ വിജയത്തിൽ എത്തിച്ചത് എന്ന ചോദ്യങ്ങൾ ഉയർന്നു. ഇനി അങ്ങിനെ ഒരു ഉദ്ദേശത്തോടെയാണോ ലക്ഷദ്വീപിലെ സാധാരണക്കാരായ നാലായിരത്തോളം കോൺട്രാക്ട് ജീവനക്കാരെ പിരിച്ചുവിട്ടത് എന്നുവരെ ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് ലക്ഷദ്വീപ് ടൈംസ് അവരുടെ വിശകലനം തന്നെ തിരുത്തിയത്. ‘ലക്ഷദ്വീപ് സീറ്റ് തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് വീണ്ടും ഹംദുള്ളാ സഈദിന് ലോക്സഭാ ടിക്കറ്റ് നൽകിയത് എന്നും, ഇത് വിജയത്തിലെത്തിച്ചു’ എന്നുമാണ് തിരുത്ത്. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വിശകലനം പൂർണ്ണമായി ഒഴിവാക്കിയാണ് പുതിയ ഇ-എഡിഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.