കവരത്തി: അമിനി ഹുജ്റാ പള്ളി മുതവല്ലി സ്ഥാനത്ത് നിന്നും ഇ.പി ആറ്റക്കോയ തങ്ങളെ മാറ്റിയ വഖഫ് ബോർഡ് നടപടി മരവിപ്പിച്ച് ലക്ഷദ്വിപ് വഖഫ് ട്രിബ്യൂണൽ. നേരത്തെ വഖഫ് ബോർഡ് ഇ.പി ആറ്റകോയ തങ്ങളെ മുത്തവല്ലി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഏഴംഗ വഖഫ് ബോർഡിലെ നാല് അംഗങ്ങൾ മാത്രം പങ്കെടുത്ത യോഗത്തിലാണ് ഇ.പി ആറ്റക്കോയ തങ്ങളെ അമിനി ഹുജ്റാ പള്ളി മുതവല്ലി സ്ഥാനത്ത് നിന്നും നീക്കി കൊണ്ടുള്ള തീരുമാനം എടുത്തത്. ബോർഡിലെ മൂന്നിൽ രണ്ട് അംഗങ്ങളെങ്കിലും പങ്കെടുക്കുന്ന മീറ്റിംഗ് എടുത്ത തീരുമാനം മാത്രമേ നിയമപരമായി നിലനിൽക്കുകയുള്ളൂ എന്ന് കുഞ്ഞി മൊയ്തീൻ മുസ്‌ലിയാർ വേർസസ് കേരളാ വഖഫ് ബോർഡ് എന്ന കേസിൽ കേരള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതായി ലക്ഷദ്വിപ് വഖഫ് ട്രിബ്യൂണൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.‏

ഏഴംഗ വഖഫ് ബോർഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അഞ്ചു പേരെങ്കിലും യോഗത്തിൽ ഹാജരാകണം എന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. അതുകൊണ്ട് തന്നെ കോറം തികയാത്ത ബോർഡ് മീറ്റിങ്ങിൽ ഇ.പി ആറ്റക്കോയ തങ്ങളെ അമിനി ഹുജ്റാ പള്ളി മുതവല്ലി സ്ഥാനത്ത് നിന്നും നീക്കി കൊണ്ട് വഖഫ് ബോർഡ് എടുത്ത തീരുമാനം നിയമപരമായി നിലനിൽക്കില്ല എന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. കോറം തികയാതെ വഖഫ് ബോർഡ് എടുത്ത തീരുമാനം മരവിപ്പിച്ചു കൊണ്ടാണ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. കവരത്തി ജില്ലാ ജഡ്ജി അനിൽ കെ ബാസ്കർ ചെയർമാനായ വഖഫ് ട്രിബ്യൂണലിൽ ഖാളി മുഹമ്മദ് സഖാഫി അംഗമാണ്. വഖഫ് ട്രിബൂണലിൽ ഇ.പി ആറ്റകോയ തങ്ങൾക്കു വേണ്ടി അഡ്വ. റഊഫ് എം.കെ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here