വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ ഉയര്‍ന്ന സോഷ്യൽ മീഡിയ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി ചൈത്ര പ്രവീണ്‍. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ചൈത്ര ധരിച്ച വസ്ത്രമായിരുന്നു വിവാദമായത്. കറുപ്പ് നെറ്റിന്റെ സാരിയുടെ കൂടെ ബ്ലൗസ് ധരിച്ചില്ല എന്ന രീതിയിലുള്ള കമന്റുകളും വിമര്‍ശനങ്ങളുമാണ്സോഷ്യൽ മീഡിയയിൽ ഉയർന്നത് .
ഒരിക്കലും താൻ വൈറലാകാന്‍ വേണ്ടി മനഃപൂര്‍വം ധരിച്ചതല്ല ആ വേഷം എന്നാണ് ചൈത്ര പറയുന്നത്. കോഴിക്കോടിനെ വളരെ സ്‌നേഹിക്കുന്ന തന്നെ ‘കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണ്’ എന്ന കമന്റുകള്‍ ഏറെ വേദനിപ്പിച്ചു എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൈത്ര പറഞ്ഞത് .
”ഞാൻ ഒരു കോഴിക്കോട്ടുകാരിയാണ്. അത് ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്ന് കരുതി ചെയ്തതല്ല. ഇനിയിപ്പോൾ അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ആ വസ്ത്രം ധരിച്ചതിന് ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്.” ”അതിനുശേഷം വീഡിയോ പുറത്ത് വന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസ്സില്‍ കുഴപ്പം തോന്നിയിരുന്നില്ല. പിന്നീടാണ് വീഡിയോ വൈറലാകുന്നത്. “- ചൈത്ര പറഞ്ഞു.