
കവരത്തി: ലക്ഷദ്വീപിൽ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച്, സമുദ്രത്തിൽ മത്സ്യബന്ധനത്തിനായി പോകുന്ന മുഴുവൻ ബോട്ടുടമകളും ഡ്രൈവർമാരും തൊഴിലാളികളും ക്യുആർ കോഡോട് കൂടിയ പിവിസി ആധാർ ഐഡി കാർഡ് കൈവശം വെക്കേണ്ടത് ഇനിമുതൽ നിർബന്ധമാണ്. ഇതിന് പുറമെ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ആധാർ ആപ്പ് വഴി ഡൗൺലോഡ് ചെയ്ത ഡിജിറ്റൽ ആധാർ കാർഡുകളും ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തീരദേശ സുരക്ഷയും കൃത്യമായ തിരിച്ചറിയലും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബോട്ടുകളിൽ കൃത്യമായ ക്രൂ ലിസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ബോട്ട് യാത്രയിലും ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തൊഴിലാളികളുടെയും സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ അടങ്ങിയ പട്ടിക ബോട്ടിൽ സൂക്ഷിക്കണം. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കോ മറ്റ് ഏജൻസികൾക്കോ ആവശ്യാനുസരണം ഈ വിവരങ്ങൾ ഹാജരാക്കേണ്ടതുണ്ടെന്ന് ഫിഷറീസ് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി അറിയിച്ചു.
















