
കവരത്തി: ലക്ഷദ്വീപ് തീരങ്ങളിൽ കള്ളക്കടൽ (Swell Surge) പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) ചേർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 26 രാത്രി 11.30 വരെ തീരത്ത് 0.8 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കവറത്തി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആൻഡ് സി.ഇ.ഒ ജഗ്ദീഷ് ശർമ്മയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചത്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും കടലിൽ ഇറങ്ങുന്നതിനും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ സർവീസ് നടത്തുന്ന ബോട്ട് ഓപ്പറേറ്റർമാർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിച്ചു വേണം നങ്കൂരമിടാനെന്നും അധികൃതർ അറിയിച്ചു. ബോട്ട് യാത്രകളിൽ യാത്രികരുടെയും ജീവനക്കാരുടെയും ലൈഫ് ജാക്കറ്റ് ഉപയോഗം ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ ആവശ്യമായ മുൻകരുതലുകൾ ഉടനടി സ്വീകരിക്കാൻ ഡെപ്യൂട്ടി കളക്ടർമാർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ, പോർട്ട്, ഷിപ്പിങ്, ഏവിയേഷൻ ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർക്ക് കവറത്തി കളക്ടറേറ്റിൽ നിന്നും നിർദേശം കൈമാറി.
















