കൊച്ചി: ലക്ഷദ്വീപ്-കൊച്ചി സീ പ്ലെയിൻ സർവീസിനായി നൽകിയ അനുമതികൾ അവസാന നിമിഷത്തിൽ റദ്ദാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ. സർവീസ് നടത്തുന്നതിനായി ചുക്കാൻ പിടിച്ചിരുന്ന സ്‌കൈ ഹോപ് ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് അഡ്മിനിസ്‌ട്രേഷൻ ഇടപെട്ട് പൂർണ്ണമായും പിൻവലിച്ചത്. പ്രഖ്യാപനം മുതൽ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്.

​സർവീസ് നടത്തുന്നതിനുള്ള സാങ്കേതികജ്ഞാനവും ലക്ഷദ്വീപ് നിലയില്ലാത്തതിനാൽ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാവില്ലെന്നുമുള്ള വിചിത്രമായ ന്യായം പറഞ്ഞാണ് അവസാന നിമിഷം അധികൃതർ ഇതിൽ നിന്നും പിൻവാങ്ങിയത്. ജൂലൈ 19 മുതൽ പലവട്ടം ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതികവും അല്ലാത്തതുമായ കാരണങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപ് അധികൃതർ പിന്നാക്കം പോവുകയായിരുന്നു. സെപ്റ്റംബർ 15, 16 തീയതികളിൽ ഏതെങ്കിലും ഒന്നിൽ ഉദ്ഘാടനം നടത്താമെന്ന വാക്കാലുള്ള അറിയിപ്പും കമ്പനിക്ക് അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം നടന്നില്ലെന്ന് മാത്രമല്ല, പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയാണെന്ന വിവരം വൈകാതെ അധികൃതർ സ്‌കൈ ഹോപ്പിനെ അറിയിക്കുകയായിരുന്നു.

​തുടർന്ന് സർവീസിനായി ദ്വീപ് ഭരണകൂടം കമ്പനിക്ക് നൽകിയ എല്ലാ അനുമതികളും റദ്ദാക്കിയ വിവരം രേഖാമൂലം ലക്ഷദ്വീപ് കലക്ടർ മുഖേന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കൈമാറി. രാജ്യത്തുനിന്നും വിദേശത്തുനിന്നും ഉള്ള ധാരാളം വിനോദസഞ്ചാരികൾ വലിയ ആവേശത്തോടെ കാത്തിരുന്ന പദ്ധതിയാണ് ലക്ഷദ്വീപ് അധികൃതരുടെ നിസ്സഹകരണവും കെടുകാര്യസ്ഥതയും മൂലം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

കടപ്പാട്: മലയാള മനോരമ 

LEAVE A REPLY

Please enter your comment!
Please enter your name here