
ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന 65-ാമത് നാഷണൽ ഇൻ്റർ-സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യൻ അത്‌ലറ്റ് മുബസ്സിന മുഹമ്മദ് ഏഷ്യൻ ഗെയിംസ് യോഗ്യത സ്വന്തമാക്കി. മത്സരത്തിൽ 6.53 മീറ്റർ ദൂരം കണ്ടെത്തിയാണ് മുബസ്സിന കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഇതോടെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ യോഗ്യതാ മാനദണ്ഡമായ 6.48 മീറ്റർ താരം മറികടന്നു.
കേരളത്തിൻ്റെ അൻസി സോജൻ (6.88 മീറ്റർ), ഉത്തർപ്രദേശിൻ്റെ ശൈലി സിങ് (6.67 മീറ്റർ) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്തോടെ വെങ്കല മെഡൽ നേടിയാണ് മുബസ്സിന യോഗ്യത ഉറപ്പാക്കിയത്. ലക്ഷദ്വീപിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടുന്ന ആദ്യ അത്‌ലറ്റാണ് മുബസ്സിന.
മിനിക്കോയ് ദ്വീപ് സ്വദേശിയായ മുബസ്സിന, മുഹമ്മദ്-ദുബീന ബാനു ദമ്പതികളുടെ മകളാണ്. കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ കവരത്തിയിൽ കോച്ച് അഹമ്മദ് ജവാദ് ഹസന്റെ കീഴിലായിരുന്നു പരിശീലനം. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ നേരിട്ടിരുന്ന ആദ്യകാലങ്ങളിൽ, സിന്തറ്റിക് ട്രാക്ക് പരിശീലനത്തിനായി താരം പ്രധാനമായും കേരളത്തെയാണ് ആശ്രയിച്ചിരുന്നത്. നിലവിൽ ബെംഗളൂരുവിലെ അഞ്ജു ബോബി ജോർജ്ജ് ഫൗണ്ടേഷനിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ്, റോബർട്ട് ബോബി ജോർജ്ജ് എന്നിവരുടെ കീഴിലാണ് മുബസ്സിന പരിശീലനം തുടരുന്നത്.

2022-ൽ കുവൈറ്റിൽ നടന്ന നാലാമത് ഏഷ്യൻ അണ്ടർ-18 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിലും ഹെപ്റ്റാത്ലണിലും വെള്ളി മെഡലുകൾ നേടി മുബസ്സിന ശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമെ, ദേശീയ അണ്ടർ-20, അണ്ടർ-23 ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണ മെഡലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ നടന്ന ഇന്ത്യൻ ഓപ്പൺ ജംപ്സ് കോമ്പറ്റീഷനിൽ 6.38 മീറ്റർ ദൂരം കുറിച്ച മുബസ്സിന, സീനിയർ തലത്തിലെ തന്റെ കരിയർ ബെസ്റ്റ് 6.53 മീറ്ററായി ഉയർത്തിയാണ് ഇപ്പോൾ ഏഷ്യൻ ഗെയിംസ് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.
















