കവരത്തി: ലക്ഷദ്വീപിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് രോഗികളെ കോസ്റ്റ് ഗാർഡ് വിജയകരമായി കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് ഭരണകൂടവുമായി ചേർന്നാണ് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് കവരത്തിയും കൊച്ചി കോസ്റ്റ് ഗാർഡ് എയർ എൻക്ലേവും ചേർന്ന് ഈ മെഡിക്കൽ ഇവാക്യുവേഷൻ ഓപ്പറേഷൻ പൂർത്തിയാക്കിയത്. അഗത്തിയിൽ നിന്നും കവരത്തിയിൽ നിന്നുമുള്ള 60-ഉം 66-ഉം വയസ്സുള്ള രണ്ട് സ്വദേശികളെയാണ് അടിയന്തര ചികിത്സയ്ക്കായി വ്യോമമാർഗ്ഗം കൊച്ചിയിൽ എത്തിച്ചത്.

ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് കോസ്റ്റ് ഗാർഡ് കവരത്തി ആസ്ഥാനത്ത് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. രോഗികളിൽ ഒരാൾക്ക് കടുത്ത ഹെമറാജിക് സ്ട്രോക്കും രണ്ടാമത്തെയാൾക്ക് കുറഞ്ഞ രക്തസമ്മർദ്ദത്തോടുകൂടിയ തീവ്രമായ ഹൃദയാഘാതവും (Myocardial Infarction) സംഭവിച്ചിരുന്നു. രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉടൻ തന്നെ രംഗത്തിറങ്ങുകയും, മോശം കാലാവസ്ഥയെ അവഗണിച്ച് കൊച്ചി എയർ എൻക്ലേവിൽ നിന്ന് എല്ലാവിധ ആധുനിക മെഡിക്കൽ സജ്ജീകരണങ്ങളോടും കൂടിയ കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം അടിയന്തരമായി നിയോഗിക്കുകയുമായിരുന്നു.

ഭരണകൂടവുമായി ചേർന്നുള്ള കൃത്യമായ ഏകോപനത്തിലൂടെ ലൈഫ് സപ്പോർട്ട് സംവിധാനങ്ങളും മെഡിക്കൽ അറ്റൻഡന്റും സഹിതം രോഗികളെ കൃത്യസമയത്ത് വിമാനത്തിൽ കയറ്റാൻ സാധിച്ചു. കൊച്ചിയിൽ സുരക്ഷിതമായി ഇറക്കിയ രോഗികളെ ഉടനടി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും ഐ.എൻ.എസ് സഞ്ജീവനിയിലേക്കും കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഈ വർഷം ലക്ഷദ്വീപ് ഭരണകൂടവുമായി ചേർന്ന് കോസ്റ്റ് ഗാർഡ് നടത്തുന്ന നാലാമത്തെ മെഡിക്കൽ ഇവാക്യുവേഷൻ മിഷനാണിത്. ഇതിലൂടെ അഞ്ച് ദ്വീപ് നിവാസികളുടെ ജീവനാണ് കോസ്റ്റ് ഗാർഡ് രക്ഷപെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here