
ന്യൂഡൽഹി: അന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സ് (ALHW) അടുത്തിടെ നടപ്പിലാക്കിയ അധികാര കേന്ദ്രീകരണ നടപടികൾ ലക്ഷദ്വീപിലെ ജീവനക്കാർക്കും തദ്ദേശവാസികൾക്കും ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം ദ്വീപിന്റെ സ്വയംഭരണാധികാരത്തെ തകർക്കുമെന്നും ലക്ഷദ്വീപ് വിങ്ങിന്റെ തനിമ ഇല്ലാതാക്കുമെന്നുമാണ് ഭൂരിഭാഗവും പട്ടികവർഗ (ST) വിഭാഗത്തിൽപ്പെട്ട ജീവനക്കാർ ഭയപ്പെടുന്നത്. കഴിഞ്ഞ ജൂൺ 9-ന് പുറപ്പെടുവിച്ച പുതിയ ഉത്തരവും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറും (SOP) ഒപ്പം ബജറ്റ് വിഹിതം പിൻവലിക്കാനുള്ള തീരുമാനവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ഇതോടെ ലക്ഷദ്വീപ് വിങ്ങിന്റെ പ്രധാന ചുമതലകളെല്ലാം അന്തമാൻ നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയ പുരത്തുള്ള ആസ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ഇതോടെ ലക്ഷദ്വീപിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന തുറമുഖ വികസന പദ്ധതികളുടെ ഭാവിയിലും ആശങ്ക നേരിടുകയാണ്.

തുറമുഖം, കപ്പൽഗതാഗതം, ജലപാത മന്ത്രാലയം 2021-ലാണ് അന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സിനെ രണ്ട് പ്രത്യേക വിഭാഗങ്ങളായി വിഭജിച്ചത്. ചീഫ് എഞ്ചിനീയറുടെ കീഴിൽ അന്തമാൻ വിങ്ങും, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കീഴിൽ ലക്ഷദ്വീപ് വിങ്ങും രൂപീകരിക്കപ്പെട്ടു. ഈ സംവിധാനത്തിലൂടെ ലക്ഷദ്വീപ് വിങ്ങിന് സ്വതന്ത്രമായ റിപ്പോർട്ടിംഗ് പദവിയും പ്രത്യേക ബജറ്റ് വിഹിതവും വിപുലമായ ഭരണ-സാമ്പത്തിക അധികാരങ്ങളും ലഭിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ സർവീസ് കാര്യങ്ങൾ, അച്ചടക്ക നടപടികൾ, നിയമപരമായ കേസുകൾ, പെൻഷൻ പ്രോസസിംഗ്, കേഡർ മാനേജ്മെന്റ് എന്നിവയെല്ലാം കേന്ദ്ര ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി മാറ്റിയിരിക്കുകയാണ്. ഒപ്പം വിവിധ റവന്യൂ ഇനങ്ങളിലുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു.
ഈ പുതിയ നീക്കം ലക്ഷദ്വീപ് വിങ്ങിന്റെ സ്വയംഭരണാവകാശത്തെ ദുർബലപ്പെടുത്തുമെന്നും ഭാവിയിൽ ജീവനക്കാരെ കൂട്ടത്തോടെ അന്തമാനിലേക്ക് സ്ഥലം മാറ്റുന്നതിന് ഇടയാക്കുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു. നിലവിൽ മലയാളം മാധ്യമമായി കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുടുംബങ്ങളുടെ സ്ഥിരതയെയും ഈ സ്ഥലംമാറ്റ ഭീതി ദോഷകരമായി ബാധിക്കുമെന്നാണ് ദ്വീപുവാസികൾ പറയുന്നത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിലെ ദീർഘകാല ഒഴിവുകൾ നികത്തുന്നതിന് പകരം, 2021-ൽ രൂപീകരിച്ച ലക്ഷദ്വീപ് വിങ്ങിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാനാണ് ഈ പുതിയ ഉത്തരവുകൾ വഴിവെക്കുകയെന്ന് അവർ ആരോപിക്കുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി ഹംദുള്ളാ സഈദ്, കേന്ദ്ര തുറമുഖ-കപ്പൽഗതാഗത മന്ത്രി സർബാനന്ദ സോനോവാളിന് കത്തയച്ചു. ഭരണഘടനാപരമായ ആർട്ടിക്കിൾ 46 അനുസരിച്ച് പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ വിവിധ പാർലമെന്ററി കമ്മിറ്റികളും ഈ താല്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. നിലവിൽ ഇ-ഓഫീസും ബയോമെട്രിക് പഞ്ചിംഗും കൃത്യമായി നടപ്പിലാക്കുന്ന ലക്ഷദ്വീപ് വിങ്ങിൽ ഭരണപരമായ കെട്ടിക്കിടപ്പുകൾ ഒന്നും തന്നെയില്ലെന്നും, അതിനാൽ ദ്വീപുവാസികളുടെ താല്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രമേ വികസന-ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കാവൂ എന്നും അദ്ദേഹം കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
















