
അഹമ്മദാബാദ്: ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയും ലക്ഷദ്വീപ്, ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു എന്നിവടങ്ങളിലെ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ ഘോഡാ പട്ടേലിന്റെ ഭാര്യ ഭാവനാബെൻ പ്രഫുൽലാൽ പട്ടേൽ അന്തരിച്ചു. ദീർഘനാളായി രോഗബാധിതയായി ചികിത്സയിലായിരുന്ന ഭാവനാബെന്നിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വർഷങ്ങളായി പ്രഫുൽ പട്ടേലിന്റെ കുടുംബവുമായി തനിക്ക് സുദൃഢമായ സൗഹൃദവുമുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രധാനമന്ത്രിക്ക് പുറമെ, കേന്ദ്ര വിദേശകാര്യ-പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിംഗും ഭാവനാബെന്നിന്റെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കഠിനമായ വിയോഗ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും നേതാക്കൾ വ്യക്തമാക്കി.
പ്രഫുൽ പട്ടേലിന്റെ പിതാവ് ഖോഡാഭായ് ആർ.എസ്.എസിൽ സജീവമായി പ്രവർത്തിച്ചിരുന്ന കാലം മുതൽക്കേ നരേന്ദ്ര മോദിയുമായി ഈ കുടുംബത്തിന് അടുത്ത ആത്മബന്ധമുണ്ട്. 2007-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമ്മത്നഗർ മണ്ഡലത്തിൽ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ പ്രഫുൽ പട്ടേൽ, 2010-ൽ ഗുജറാത്ത് രാഷ്ട്രീയം കലുഷിതമായ ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര സഹമന്ത്രിയായി ചുമതലയേൽക്കുന്നത്. അക്കാലത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധികളിലും വിവാദങ്ങളിലും നരേന്ദ്ര മോദി സർക്കാരിനായി നിർണായകമായ പ്രതിരോധം തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2012-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും അല്പം മാറിനിന്ന അദ്ദേഹത്തെ, പിന്നീട് ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണച്ചുമതലകളിലേക്ക് നരേന്ദ്ര മോദി നിയോഗിക്കുകയായിരുന്നു.
ഭാവനാബെൻ പട്ടേലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്, ജൂൺ 22 തിങ്കളാഴ്ച വൈകുന്നേരം 4:30-ന് ഹിമ്മത്നഗറിലെ മാധവ്നഗർ ബെരാന റോഡിലുള്ള ‘5, ശ്യാമൾ ബംഗ്ലാവ്’ എന്ന അവരുടെ സ്വകാര്യ വസതിയിൽ വെച്ച് നടന്നു. ഭർത്താവ് പ്രഫുൽ ഘോഡാ പട്ടേൽ, മകൻ സിദ്ധാർത്ഥ് പ്രഫുൽ പട്ടേൽ എന്നിവരുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി. വിയോഗ വാർത്തയറിഞ്ഞ് രാജ്യമെമ്പാടുംൾമുള്ള സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ കുടുംബത്തെ അനുശോചനം അറിയിച്ചുകൊണ്ടിരിക്കുകയാണ്.
















