കവരത്തി: ഈ വർഷത്തെ ലക്ഷദ്വീപ് ഹജ്ജ് തീർത്ഥാടക സംഘം മെയ് എട്ടിന് ജിദ്ദയിലേക്ക് യാത്ര തിരിക്കും. വിവിധ ദ്വീപുകളിൽ നിന്നുള്ള തീർത്ഥാടകർ നാല് കപ്പലുകളിലായി മെയ് അഞ്ചോടു കൂടി കൊച്ചിയിൽ എത്തിച്ചേരുമെന്ന് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. 55 പുരുഷന്മാരും 51 സ്ത്രീകളും ഒരു സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടറും ഉൾപ്പെടെ ആകെ 107 പേരാണ് ഇത്തവണത്തെ സംഘത്തിലുള്ളത്.

Advertisement

​കൊച്ചിയിലെത്തുന്ന തീർത്ഥാടകർ മെയ് ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഒരുക്കിയിട്ടുള്ള കേരള ഹജ്ജ് ക്യാമ്പിൽ പ്രവേശിക്കും. തുടർന്ന് എട്ടിന് ജിദ്ദയിലേക്കുള്ള വിമാനം കയറും. യാത്രയ്ക്ക് മുന്നോടിയായി കഴിഞ്ഞ ഒരു മാസക്കാലം എല്ലാ ദ്വീപുകളിലും ഹാജിമാർക്കായി പ്രത്യേക പഠന ക്ലാസുകളും വിപുലമായ യാത്രാ ക്രമീകരണങ്ങളും ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.

​യാത്രയയപ്പിന്റെ ഭാഗമായി കവരത്തിയിൽ പുഷ്പാ ഓർഗനൈസേഷൻ, ഓട്ടോ യൂണിയൻ തുടങ്ങി വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ തീർത്ഥാടകർക്കായി വൈവിധ്യമാർന്ന ചടങ്ങുകൾ സംഘടിപ്പിച്ചു. മികച്ച സൗകര്യങ്ങളോടെയുള്ള തീർത്ഥാടനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here