
കവരത്തി: ഇന്റർ-ഐലൻഡ് സർവീസുകൾക്കായി സ്വകാര്യ മിനി പാസഞ്ചർ വെസ്സലുകൾ നിർമ്മിക്കുന്നതിനും സർവീസ് നടത്തുന്നതിനുമുള്ള നിയമചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അടിയന്തര ഇടപെടൽ നടത്തി. ഇതുസംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട് സെക്രട്ടറിക്ക് മന്ത്രാലയം ഔദ്യോഗിക നിർദ്ദേശം നൽകി. സാമൂഹിക പ്രവർത്തകനായ മഹദാ ഹുസൈൻ 2024 ഒക്ടോബറിൽ സമർപ്പിച്ച നിവേദനത്തിൽ നടപടികൾ വൈകിയതിനെ തുടർന്ന്, 2026 ഏപ്രിൽ 21-ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വീണ്ടും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 27-ന് കേന്ദ്ര മന്ത്രാലയം ലക്ഷദ്വീപ് ഭരണകൂടത്തിന് കർശന നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികളുടെ വിവരം പരാതിക്കാരനെ അറിയിക്കുന്നതിനോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിനും മന്ത്രാലയത്തിനും റിപ്പോർട്ട് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദ്വീപുകൾക്കിടയിലെ നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനും ടൂറിസം മേഖലയുടെ വികസനത്തിനും സ്വകാര്യ വെസ്സലുകൾക്ക് അനുമതി നൽകേണ്ടത് അനിവാര്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മിനി പാസഞ്ചർ വെസ്സലുകൾ യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകൾക്കിടയിലെ യാത്ര കൂടുതൽ സുഗമമാകുമെന്നും, പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മഹദാ ഹുസൈൻ വ്യക്തമാക്കി. നിലവിലുള്ള വലിയ കപ്പലുകളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം പാക്കേജുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനും ഈ നീക്കം സഹായകമാകും. ദ്വീപുകളുടെ സമഗ്ര വികസനത്തിന് ഇന്റർ-ഐലൻഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















