കവരത്തി: ​ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായി വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ അകാലത്തിൽ പിരിച്ചുവിട്ടു. ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള അസാധാരണമായ അധികാരം ഉപയോഗിച്ചാണ് സർവീസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഉത്തരവിൽ അവകാശപ്പെടുമ്പോഴും, ലക്ഷദ്വീപിലെ സാധാരണക്കാരായ ജീവനക്കാരെ പിഴുതെറിയാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ശക്തമാണ്.

Advertisement

​മുൻപ് മുവ്വേയിരത്തോളം താൽക്കാലിക ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ട ഭരണകൂടം, ഇപ്പോൾ സ്ഥിരം ജീവനക്കാരെയും വിവിധ കാരണങ്ങൾ പറഞ്ഞ് പുറത്താക്കാനുള്ള പഴുതുകൾ കണ്ടെത്തുകയാണ്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഭരണി എം. ഡാനിക്സ് ഒപ്പിട്ട പുതിയ ഉത്തരവ് പ്രകാരം, മൂന്ന് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിക്കൊണ്ട് ഉടനടി പ്രാബല്യത്തോടെയാണ് ജീവനക്കാരെ വിരമിപ്പിച്ചിരിക്കുന്നത്. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ഭാഗം കേൾക്കാനോ അർഹമായ അവസരം നൽകാനോ തയ്യാറാകാതെ ഏകപക്ഷീയമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. സർവീസ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേയുള്ള ഇത്തരം നിർബന്ധിത വിരമിപ്പിക്കലുകൾ ജീവനക്കാരുടെ ഭാവി തകർക്കുന്നതും അവരുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുന്നതുമാണ്.

​ദ്വീപിലെ പ്രാദേശിക സാഹചര്യം പരിഗണിക്കാതെയും ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകാതെയും ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം നടപടികൾ ദ്വീപ് സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്കും അമർഷത്തിനും കാരണമായിട്ടുണ്ട്. ഭരണരംഗത്തെ ശുദ്ധീകരണം എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പിരിച്ചുവിടലുകൾ യഥാർത്ഥത്തിൽ തൊഴിലില്ലായ്മ രൂക്ഷമാക്കാനേ ഉപകരിക്കൂ. ഓരോ കാരണങ്ങൾ കണ്ടെത്തി സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ വാശിയാണ് ഇത്തരം പിരിച്ചുവിടലിലൂടെ പ്രകടമാവുന്നത്. മനുഷ്യാവകാശങ്ങളെയും തൊഴിൽ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ വിചിത്രമായ ഉത്തരവുകൾ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ, ഏകപക്ഷീയ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here