
കൽപ്പേനി: എസ്.എസ്.എഫ് ലക്ഷദ്വീപ് സംസ്ഥാന സാഹിത്യോത്സവ് ഇന്നുമുതൽ ഏപ്രിൽ 29 വരെ കൽപ്പേനി ദ്വീപിൽ വച്ച് നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിവിധ ദ്വീപുകളിൽ നിന്ന് എത്തുന്ന 300 ഓളം വിദ്യാർത്ഥികൾ 60 ഓളം സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കും.

34ാം സാഹിത്യോത്സവിന്റെ ഭാഗമായി ലക്ഷദ്വീപിൽ അടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രൂപത്തിൽ സാഹിത്യോത്സവ് നടക്കുന്നുണ്ട്. നൂറിലധികം വീടുകളിൽ ഫാമിലി സാഹിത്യോത്സവും വിവിധ ദ്വീപ് തല സാഹിത്യോത്സവും കടന്നാണ് പ്രതിഭകൾ കൽപ്പേനിയിലെത്തുന്നത്. ഇവിടെ നിന്നുള്ള പ്രതിഭകൾക്ക് ദേശീയ സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദേശീയ ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ കെ ഉമറുൽ ഫാറൂഖ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടകനായി എത്തും.
സാഹിത്യോത്സവിന്റെ ഭാഗമായി ‘പൊരുത്തം തേടി’ എന്ന പേരിൽ സിയാറത്ത് യാത്രകളും ‘നീലയാനം’ ജലയാത്രയും, ‘ഇലാഹള്റത്തി കൽപ്പേനി കഴിഞ്ഞോര്’ എന്ന പേരിൽ മഹ്ളറത്തുൽ ബദരിയ്യ ഉജ്റായുടെ മുറ്റത്ത് കൽപ്പേണി കഴിഞ്ഞവരുടെ മഖാം പരിസരത്ത് വെച്ചു നടത്തി. പറുദീസ ബീച്ചിൽ വച്ചുകൊണ്ട് നടന്ന ബഹറും ബന്തറും എന്ന പ്രമേയ ചർച്ചയും അലി ബീച്ചിൽ വെച്ചുകൊണ്ട് നടന്ന ഗ്രാൻഡ് മാലപ്പാട്ടും പ്രത്യേകം ശ്രദ്ധേയമായി. ഇന്ന് രാത്രി 9 മണിക്ക് ജുമാഅത്ത് പള്ളി പരിസരത്തിൽ വെച്ചുകൊണ്ട് ലഹരിയും ലൈക്കും എന്ന വിഷയത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന ചർച്ചയും നടക്കുന്നു.
ഏപ്രിൽ 27 28 29 തീയതികളിലാണ് വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ നടക്കുന്നത്.
















