കൊച്ചി: ടൂറിസം വികസനത്തിന്റെ മറവിൽ ലക്ഷദ്വീപിലെ തദ്ദേശവാസികളെ അവരുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന വൻകിട ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ഭരണകൂടം അടിയന്തരമായി പിന്മാറണമെന്ന് ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് മിസ്ബഹ് എ. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗത്തി, കടമത്ത് എന്നീ ദ്വീപുകളിലായി നാല് ലക്ഷം ചതുരശ്ര മീറ്ററോളം (ഏകദേശം 100 ഏക്കർ) ഭൂമി ഏറ്റെടുക്കാനായി ലാൻഡ് അക്വിസിഷൻ കളക്ടർ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ ദ്വീപുനിവാസികളുടെ ഉപജീവനത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ. കെ.പി. തങ്ങകോയ ആന്ത്രോത്ത്, ഡോ. മുല്ലക്കോയ കിൽത്താൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement

​വെറും 2.7 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള അഗത്തി ദ്വീപിൽ നിന്ന് 70 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നത് അവിടുത്തെ ജനതയെ ഗുരുതരമായി ബാധിക്കുമെന്ന് മിസ്ബാഹ് എ. പറഞ്ഞു. പ്രധാനമായും അഗത്തി വിമാനത്താവളത്തിന് വടക്ക് ഭാഗത്തുള്ള പ്രാദേശിക സംരംഭകരുടെ ടൂറിസ്റ്റ് ഹോമുകളും കൃഷിയിടങ്ങളുമാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഈ നടപടി പൂർത്തിയാകുന്ന പക്ഷം ദ്വീപിലെ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനത്തിന്റെ 75 ശതമാനവും മുന്നൂറോളം തൊഴിലവസരങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 2025 ജൂലൈയിൽ ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ വഴി ആ കൊച്ചു ദ്വീപിലെ മുഴുവൻ ജനങ്ങളെയും കുടിയൊഴിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement

​ദ്വീപിലെ തദ്ദേശീയരായ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിന് അവകാശപ്പെട്ട 2500 ഏക്കറോളം വരുന്ന ഭൂസ്വത്തുക്കൾ വൻകിട ടൂറിസം കമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണ് ഭരണകൂടത്തിന്റേതെന്ന് മിസ്ബാഹ് എ. വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബംഗാരത്തിലും തിണ്ണകരയിലും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ട് റിസോർട്ടുകൾ നിർമ്മിച്ചതായും കവരത്തിയിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ തകർത്ത് സ്മാർട്ട് സിറ്റിയുടെ പേരിൽ നിയമവിരുദ്ധ നിർമ്മാണങ്ങൾ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. ദ്വീപിലെ ഭൂമി സംബന്ധമായ അവകാശങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ജനങ്ങളെ കണ്ണുനീർക്കടലിലേക്ക് തള്ളിയിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര തുകയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായും മിസ്ബാഹ് എ. ആരോപിച്ചു. ദ്വീപുകൾ റൂറൽ ഏരിയ ആയിരുന്നിട്ടും നിയമപരമായി ലഭിക്കേണ്ട 400 ശതമാനം നഷ്ടപരിഹാരം നൽകാതിരിക്കാൻ ഭരണകൂടം മനപ്പൂർവ്വം ശ്രമിക്കുകയാണ്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഇടപെടലുകൾക്ക് ശേഷവും നഷ്ടപരിഹാര നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് വരുത്തിയത്. നിലവിലെ ഭരണകൂടം ജനങ്ങളെ വീണ്ടും നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലക്ഷദ്വീപിലെ 2500-ഓളം തൊഴിൽ ഒഴിവുകൾ നികത്താത്തതും സ്കൂളുകളിൽ പ്രിൻസിപ്പൽമാരുടെ അഭാവവുമെല്ലാം ദ്വീപ് ജനതയോടുള്ള കടുത്ത അവഗണനയുടെ തെളിവുകളാണെന്ന് അദ്ദേഹം വിവരിച്ചു.

​ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇത്തരം ജനദ്രോഹ നടപടികളിൽ കേന്ദ്ര ഗവൺമെന്റും ഷെഡ്യൂൾഡ് ട്രൈബ് കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് മിസ്ബാഹ് എ. ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളും മറ്റ് ഭൂമിശാസ്ത്രപരമായ പരിമിതികളും നേരിട്ട് സമാധാനമായി ജീവിച്ചുപോരുന്ന ദ്വീപുനിവാസികളുടെ മണ്ണും തൊഴിലും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here