കവരത്തി: ഭാരതീയ ന്യായ് സംഹിത ഉൾപ്പെടെ രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലക്ഷദ്വീപ് പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കവരത്തി മൾട്ടി പർപ്പസ് ഹാളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രദർശനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (ADM) ശിവം ചന്ദ്ര ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഭാരതത്തിന്റെ സ്വന്തം നിയമ വ്യവസ്ഥകളായ ഭാരതീയ ന്യായ് സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയം (BSA) എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിശദമായ ധാരണ നൽകുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

​ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (BPRD) നൽകിയ നിർദേശങ്ങൾക്കനുസൃതമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പുതിയ നിയമങ്ങളിലെ മാറ്റങ്ങൾക്കൊപ്പം, ആധുനിക കുറ്റാന്വേഷണ രംഗത്ത് ഉപയോഗിക്കുന്ന ഫോറൻസിക് കിറ്റുകൾ, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം (CCTNS), അടിയന്തര പ്രതികരണ സംവിധാനങ്ങൾ (Emergency Response System), പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തന രീതികൾ എന്നിവയും പൊതുജനങ്ങൾക്ക് ഇവിടെ നേരിട്ട് മനസ്സിലാക്കാം. രാജ്യത്തിന്റെ പുതിയ നിയമസംഹിതയെക്കുറിച്ച് ജനങ്ങളെ സമഗ്രമായി ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കവരത്തിയിൽ ആരംഭിച്ച ഈ പരിപാടി, വരും ദിവസങ്ങളിൽ മറ്റ് ദ്വീപുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ലക്ഷദ്വീപ് പോലീസ് അധികൃതർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here