
കവരത്തി: കിൽത്താൻ ദ്വീപിൽ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് വഴി 10,00,000/- (പത്ത് ലക്ഷം രൂപ) ധനസഹായം അനുവദിച്ചു. ‘വെൽഫെയർ ഓഫ് ഫിഷെർമൻ’ (Welfare of Fishermen) എന്ന പദ്ധതിക്ക് കീഴിലുള്ള ‘ഇമ്മീഡിയറ്റ് ഡെത്ത് റിലീഫ് ഓഫ് ഫിഷർമെൻ’ (Immediate Death Relief of Fishermen) എന്ന ഘടകത്തിൽ നിന്നാണ് തുക അനുവദിച്ചത്.
കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദ് ടി-യുടെ ഉടമസ്ഥതയിലുള്ള അഹൽ ഫിഷറീസ് എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് സഹായം. അപകടത്തിൽ മരിച്ച മുഹമ്മദ് റസീഖ് കെ.എംൾമ്മിന്റെ ഭാര്യ ശ്രീമതി ബീവി അയിഷ പാട്ടകലിനും, പരേതനായ താജുൽ അക്ബർ എം.എമ്മിന്റെ ഭാര്യ ശ്രീമതി ബീബി ആതിഖാ പി.എമിനും 5,00,000/- രൂപ വീതമാണ് അനുവദിച്ചത്. അപകടത്തിന് ശേഷം കുടുംബങ്ങൾ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ബോട്ടുടമ ദിൽബർ മുഹമ്മദ് ടി ഫിഷറീസ് സെക്രട്ടറിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവിന്റെ പകർപ്പ് ബോട്ടുടമയ്ക്കും ഇ-മെയിൽ വഴി കൈമാറിയിട്ടുണ്ട്.
ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് സ്പെഷ്യൽ ഓഫീസറുടെ അംഗീകാരത്തോടെയാണ് ജില്ലാ ഫിഷറീസ് ഓഫീസർ (ഡിപി) ജാഫർ ഹിഷാം ടി സാംക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ധനസഹായം കിൽത്താൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ചെയർമാൻ ഐഎൽസി) വഴിയാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. കവരത്തി കനറാ ബാങ്കിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറും സ്പെഷ്യൽ ഓഫീസറും (ഡിപി) പരിപാലിക്കുന്ന അക്കൗണ്ട് നമ്പർ 99502200022881 വഴി കോണ്ടിജന്റ് ബില്ലിലൂടെയാണ് തുക കൈമാറുന്നത്. ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസമാകുന്നതാണ് നടപടി.
















