
ചേത്‌ലാത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പാരാലിമ്പിക്‌സ് പോലുള്ള ഉന്നത കായിക വേദികളിൽ അവസരമൊരുക്കുന്നതിനുമായി ‘വിങ്സ് ഓഫ് ഹോപ്പ്’ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. മുനവ്വറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പ് നടത്തുന്ന സെലക്ഷൻ ട്രയൽസുകളെക്കുറിച്ചും കായികരംഗത്തെ വിവിധ സാധ്യതകളെക്കുറിച്ചും താരങ്ങൾക്ക് കൃത്യമായ അവബോധം നൽകി. പരിമിതികളെ കായികക്കരുത്ത് കൊണ്ട് മറികടന്ന് എങ്ങനെ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കാം എന്ന വിഷയത്തിൽ ഫൗണ്ടേഷൻ സ്ഥാപക ഫാത്തിമ ഖുറൈശാ മുഖ്യപ്രഭാഷണം നടത്തി.

കായിക താരങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേഴ്സ് മുഹമ്മദ് നാസിർ, ആശാവർക്കർ ഹലീമാബി എന്നിവർ ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ പങ്കുവെച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ സാറോമ്മാബി, ട്രഷറർ ആമിനാബി, കലാ കായിക സമിതി അധ്യക്ഷ റഹ്മത്ത് ഷേക്ക് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കായിക താരങ്ങൾക്ക് പിന്തുണയറിയിച്ച് ആശംസകൾ നേരുകയും ചെയ്തു. ദ്വീപിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സെമിനാറിന്റെ തുടർച്ചയായി ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള പ്രത്യേക കായിക പരിശീലന പരിപാടികൾ വരും ചൊവ്വാഴ്ച മുതൽ പ്രാദേശിക ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് പി.ഇ.ടി നിസാം കട്ടിപ്പുര അറിയിച്ചു. കായിക വികസന വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഈ സുവർണ്ണാവസരം ദ്വീപിലെ അർഹരായ എല്ലാ ഭിന്നശേഷി കായികതാരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വിങ്സ് ഓഫ് ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൃത്യമായ പരിശീലനത്തിലൂടെയും പിന്തുണയിലൂടെയും പാരാലിമ്പിക്‌സ് പോലുള്ള വേദികളിൽ ദ്വീപിന്റെ പേര് എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കായിക താരങ്ങളും സംഘാടകരും.
















