തിരുവനന്തപുരം: കേരളക്കരയിൽ ചികിത്സയ്ക്കായി എത്തുന്ന ദ്വീപ് നിവാസികളുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കൂടുതൽ പരിഗണന ആവശ്യപ്പെട്ട് ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ അഡ്വ. ഹംദുള്ള സഈദിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം കേരള മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന ലക്ഷദ്വീപ് നിവാസികൾക്ക് പ്രത്യേക പരിഗണന, ബേപ്പൂർ തുറമുഖം അടക്കമുള്ള പ്രധാന തുറമുഖങ്ങൾ വികസിപ്പിക്കുകയും ലക്ഷദ്വീപ് കപ്പലുകൾക്ക് യാത്ര സുഗമമാക്കുകയും ചെയ്യുക, പ്രകൃതിദുരന്ത സമയങ്ങളിൽ ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലെ പ്രധാന നഗരങ്ങളിൽ താമസസൗകര്യങ്ങളും മറ്റ് സഹായങ്ങളും ഒരുക്കുക, ലക്ഷദ്വീപ് വിദ്യാർത്ഥികൾ വിവിധ കോളേജുകളിൽ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുക, ഓപ്പറേഷൻ തൂഫാനിൽ ഉൾപ്പെടുത്തി ലക്ഷദ്വീപിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചത്. ലക്ഷദ്വീപും കേരളവുമായി തുടരുന്ന പതിറ്റാണ്ടുകൾ ആയിട്ടുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കാൻ യുഡിഎഫ് സർക്കാരിൻറെ സഹകരണം ആവശ്യപ്പെട്ടതായും ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവ്വം പരിഗണിച്ചെന്നും ഉചിതമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഹംദുള്ള സഈദ് എം.പി പറഞ്ഞു.

പത്ത് വർഷത്തിനുശേഷം കേരളത്തിൻറെ അധികാരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ യുഡിഎഫ് നേതൃത്വത്തെ ലക്ഷദ്വീപ് കോൺഗ്രസ് സംഘം അഭിനന്ദിച്ചു.

കെപിസിസി പ്രസിഡൻറ് കൂടിയായ മന്ത്രി സണ്ണി ജോസഫ്, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് കൂടിക്കാഴ്ചകൾ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here