ചേത്ത്ലാത്ത്: ചെത്ത്ലാത്ത് ദേവിസ്താൻ ബീച്ചിൽ പ്രകൃതി സംരക്ഷണത്തിന്റെ പുത്തൻ പാഠങ്ങൾ പകർന്നുനൽകി ഗാനിം അൽ മുഫ്താഹ് ദ്വീപ് ശ്രീ അയൽക്കൂട്ടത്തിന്റെ വാർഷികാഘോഷം ശ്രദ്ധേയമായി. അയൽക്കൂട്ടത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ലിറ്റിൽ ഫ്ലവർ ബാലസഭയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച “വേറിട്ടൊരു ദിനം” എന്ന പരിപാടി, കേവലമൊരു ആഘോഷത്തിനപ്പുറം പരിസ്ഥിതി അവബോധത്തിനുള്ള വലിയൊരു വേദിയായി കൂടി മാറി. ദ്വീപ് ശ്രീ പ്രസിഡന്റ് ഫാത്തിമ ഖുറൈഷ, സെക്രട്ടറി ഫസീല എം.ഐ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ സംരംഭം പഴയകാല കളികളുടെ ആവേശവും ബീച്ച് ശുചീകരണ ദൗത്യവും ഒത്തുചേർന്നപ്പോൾ അത് നാടിന് മാതൃകയാവുകയായിരുന്നു.

Advertisement

കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് കുട്ടിക്കൂട്ടം ദേവിസ്താൻ ബീച്ചിലിറങ്ങിയത്. “പ്ലാസ്റ്റിക് വലിച്ചെറിയരുത് കടലിലേക്ക്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച കുട്ടികൾ, തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം നിർത്തുക (Stop Plastic Use), കടൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആശയങ്ങൾ അടങ്ങിയ ബോർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ കുട്ടികൾക്ക് സാധിച്ചു.

Advertisement

ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സർഗ്ഗാത്മകതയും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ‘മത്തോപിടിക്കൽ’, ‘കിത്തി തൊടൽ’, ‘കുളം കര’ തുടങ്ങിയ നാടൻ കളികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. “കടലമ്മയെ കാക്കാം പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കാം”, “നമ്മുടെ തീരം നമ്മുടെ അഭിമാനം; മാലിന്യമുക്തമാക്കാം ഈ സുന്ദരതീരം” തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയ കുട്ടികൾ, മാലിന്യങ്ങളല്ല മറിച്ച് നല്ല ഓർമ്മകൾ മാത്രമാണ് തീരങ്ങളിൽ ഉപേക്ഷിക്കേണ്ടതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ചെറിയ കുട്ടികൾ നടത്തുന്ന ഇത്തരം വലിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here