
കൊച്ചി: ഇന്ത്യയുടെ ഏക കോറൽ അറ്റോളുകൾ ഉൾപ്പെടുന്ന ലക്ഷദ്വീപ് സമൂഹം മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിൻ്റെയും വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെയും ഫലമായി ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തെ അധികരിച്ച് പ്രമുഖ സ്വതന്ത്ര മാധ്യമമായ ന്യൂസ്‌ലോണ്ട്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വിനോദസഞ്ചാര വർദ്ധനവും, കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്കരണ സംവിധാനങ്ങളും ഈ പ്രശ്നം രൂക്ഷമാക്കുന്നു എന്ന കണ്ടെത്തലുകൾ പുറത്തുവിടുന്നത്. മിനിക്കോയ് മുതൽ കവരത്തി വരെയുള്ള ആവാസയോഗ്യവും അല്ലാത്തതുമായ ദ്വീപുകളിലെ ബീച്ചുകളും കായലുകളും ഇന്ന് പ്ലാസ്റ്റിക് കുപ്പികൾ, റാപ്പറുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ തുടങ്ങി വിവിധതരം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി മലിനീകരണത്തിൻ്റെ ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു.
ശാസ്ത്രീയ കണ്ടെത്തലുകൾ: മൈക്രോപ്ലാസ്റ്റിക്കുകളുടെ വ്യാപനം കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (CUSAT) മുതിർന്ന ഗവേഷകൻ പി. ഹരി പ്രാവേദും, പ്രൊഫസർ ബിജോയ് നന്ദനും ചേർന്നാണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. ലക്ഷദ്വീപിലെ ആറ് പവിഴ അറ്റോളുകളിലെ (കവരത്തി, അഗത്തി, കടമത്ത്, അമിനി, മിനിക്കോയ്, കൽപ്പേനി) കായൽ പ്രദേശങ്ങളിലെ ഉപരിതലജലത്തിലും അടിത്തട്ടിലെ മണ്ണിലും മൈക്രോപ്ലാസ്റ്റിക്കുകളുടെ (MPs) സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതായി പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ‘Unravelling the invisible threat of microplastics to Lakshadweep Coral Atolls’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ പഠനം മൈക്രോപ്ലാസ്റ്റിക് മലിനീകരണം ഈ പ്രദേശത്തെ പവിഴപ്പുറ്റുകളെ എത്രത്തോളം ബാധിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു.
മലിനീകരണത്തിന്റെ സ്വഭാവവും ഉറവിടങ്ങളും
ദ്വീപുകളിലെ മൊത്തം മാലിന്യത്തിൽ 63.7% പ്ലാസ്റ്റിക് വസ്തുക്കളാണ്. കടമത്ത്, അഗത്തി, അമിനി, കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ 28 ബീച്ചുകളിൽ നടത്തിയ ‘Multidimensional risk assessment of marine litter pollution’ എന്ന പഠനത്തിൽ, പൊതുജനങ്ങളുടെ അലക്ഷ്യമായ മാലിന്യ നിക്ഷേപമാണ് (43%) പ്രാഥമിക മാലിന്യ ഉറവിടം എന്ന് കണ്ടെത്തി. ഇത് പ്രധാനമായും വിനോദസഞ്ചാര, വിനോദ പ്രവർത്തനങ്ങളിൽ നിന്നുള്ളതാണ്. കൂടാതെ, ഉറവിടം വ്യക്തമല്ലാത്തവ 31%, ഷിപ്പിംഗ് 10%, മത്സ്യബന്ധനം 9% എന്നിങ്ങനെയാണ് മറ്റ് പ്രധാന മാലിന്യ ഉറവിടങ്ങൾ. മോർഫോളജിക്കൽ വിശകലനത്തിൽ, മൈക്രോപ്ലാസ്റ്റിക്കുകളിൽ കൂടുതലും ശകലങ്ങളും നാരുകളുമാണ്. പോളിഎഥിലീൻ (PE), പോളിപ്രൊപ്പിലീൻ (PP) എന്നിവയാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന പോളിമറുകൾ. ഇത് കരയുമായി ബന്ധപ്പെട്ടതും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതുമായ ഉറവിടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ബാഗുകൾ, കുപ്പികൾ, റാപ്പറുകൾ, ഫോം, മത്സ്യബന്ധന വലകൾ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കൾ കൂടുതൽ കാലം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിലൂടെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ മൈക്രോപ്ലാസ്റ്റിക്കുകളായി മാറാനുള്ള സാധ്യത കൂടുതലാണ്. കടമത്ത് ദ്വീപിൽ മാത്രം 72.5% പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
അപകടസാധ്യതയുടെ തോത്
ആഗത്തി, ബംഗാരം, കവരത്തി, പക്ഷി പിട്ടി, പെരുമാൾ പാർ, തിണ്ണക്കര എന്നിവിടങ്ങളിൽ നടത്തിയ മറ്റൊരു പഠനത്തിൽ പ്ലാസ്റ്റിക് മാലിന്യം മൊത്തം അവശിഷ്ടങ്ങളുടെ 82.9% വരുമെന്ന് കണ്ടെത്തി. പ്ലാസ്റ്റിക് സമൃദ്ധി സൂചിക (Plastic Abundance Index – PAI) ഉപയോഗിച്ച് മലിനീകരണത്തിൻ്റെ തീവ്രത അളന്നപ്പോൾ, ശരാശരി PAI 5.39 ആയിരുന്നു. സർവേ നടത്തിയ ആറ് ദ്വീപുകളിൽ നാലെണ്ണം (66.6%) ‘അതീവ അപകടകരമായ’ (extremely dangerous) വിഭാഗത്തിലും, 60% സർവേ ലൊക്കേഷനുകളും ‘അതീവ വൃത്തിഹീനമായ’ (extremely dirty) വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികളാണ് (24%) ഏറ്റവും കൂടുതലായി കാണപ്പെടുന്ന മാലിന്യം. മൈക്രോപ്ലാസ്റ്റിക്കുകൾ പവിഴപ്പുറ്റുകളിൽ കുടുങ്ങുകയും അവയെ നാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിനാൽ, ഇത് ഈ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്.
മാലിന്യ സംസ്കരണത്തിലെ ഗുരുതരമായ വീഴ്ച ദ്വീപുകളിലെ മാലിന്യ സംസ്കരണ സംവിധാനം അപര്യാപ്തവും ഉടനടി ശ്രദ്ധ നൽകേണ്ടതുമാണെന്ന് പഠനം എടുത്തുപറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ലക്ഷദ്വീപിൽ ലാൻഡ്ഫില്ലുകൾ ഇല്ലെന്ന് പറയുമ്പോഴും, മിനിക്കോയ് ദ്വീപിൽ ഒരു വലിയ മാലിന്യം തള്ളുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മാലിന്യം തരംതിരിക്കുന്ന കാര്യത്തിൽ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്. മിക്ക ദ്വീപുകളിലെയും മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്ററുകൾ തുരുമ്പെടുത്തിരിക്കുകയാണ്. ഏകദേശം 4,000 ടൺ ഉണങ്ങിയ മാലിന്യം പ്രധാന കരയിലെത്തിച്ച് സംസ്കരിക്കുന്നതിൽ വരുന്ന കാലതാമസം കാരണം കെട്ടിക്കിടക്കുകയാണ്.
2025 സെപ്റ്റംബർ മാസത്തിൽ മിനിക്കോയ് ദ്വീപിലെ മാലിന്യം കുന്നുകൂടിയ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായത് ഈ പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥ തുറന്നുകാട്ടി. ടൺ കണക്കിന് പ്ലാസ്റ്റിക്, ലോഹം, ഇ-മാലിന്യം എന്നിവ തുറന്ന സ്ഥലങ്ങളിൽ കുന്നുകൂടി കിടന്നത് വിഷപ്പുകയ്ക്ക് കാരണമാവുകയും സമീപത്തെ ജലാശയങ്ങളിലേക്കും കടലിലേക്കും മലിനീകരണം വ്യാപിപ്പിക്കുകയും ചെയ്തു.
അടിയന്തിര നടപടി സ്വീകരിച്ചേ തീരൂ.
ലക്ഷദ്വീപിൻ്റെ തനതായ പവിഴ അറ്റോൾ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അടിയന്തിരവും സമഗ്രവുമായ നടപടികൾ ആവശ്യമാണ്. മെച്ചപ്പെട്ട മാലിന്യ സംസ്കരണ രീതികൾ നടപ്പിലാക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് കർശനമായ നിരോധനം ഏർപ്പെടുത്തുക, കൂടാതെ സന്നദ്ധ സംഘടനകളും മറ്റും മുൻകൈയ്യെടുത്ത് നടത്തുന്ന സംരക്ഷണ/ ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക എന്നിവ അത്യന്താപേക്ഷിതമാണെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. ഈ പഠനഫലങ്ങൾ ലക്ഷദ്വീപ് ഭരണകൂടത്തെയും നയരൂപീകരണ വിദഗ്ധരെയും മാലിന്യ പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ഈ മേഖലയെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
















