
കവരത്തി: ഓണം അവധിക്കാലത്ത് ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഒഴിവാക്കാൻ പ്രത്യേക യാത്രാ സൗകര്യങ്ങളും കപ്പൽ ഷെഡ്യൂളും ഉറപ്പാക്കണമെന്ന് എൻ.എസ്.യു.ഐ. ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് അധികൃതരോട് ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എൻ.എസ്.യു.ഐ. നിവേദനം സമർപ്പിച്ചത്. ഓണം അവധിക്കാലത്ത് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഈ സമയം മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, ആവശ്യത്തിന് കപ്പൽ സർവീസുകൾ ഏർപ്പെടുത്തുകയും ടിക്കറ്റുകൾ മുൻകൂട്ടി ലഭ്യമാക്കുകയും ചെയ്യണമെന്ന് എൻ.എസ്.യു.ഐ. ആവശ്യപ്പെട്ടു. ഇതുവഴി വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്താൻ സാധിക്കും.
എൻ.എസ്.യു.ഐ. ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി യാസർ, സംസ്ഥാന കോർഡിനേറ്റർ ലുക്മാൻ എന്നിവർ കവരത്തിയിലെ പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസർമാരെ നേരിൽ കണ്ടാണ് നിവേദനം കൈമാറിയത്. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
