
കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ പെട്രോൾ, ഡീസൽ (POL products) എന്നിവയുടെ വിതരണത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇന്ധനം എത്തിക്കുന്ന ‘എം.ടി തിലാക്കം’ (MT Thilaakkam) കപ്പൽ തിരികെ സർവീസ് ആരംഭിക്കുന്നത് വരെയാണ് ഈ നിയന്ത്രണം. അത്യാവശ്യ സേവനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പ് തടയാനും ലക്ഷ്യമിട്ടാണ് ഈ നടപടി. കവരത്തിയിലെ റീട്ടെയിൽ ഔട്ട്ലെറ്റ് വഴി ഇനി പറയുന്ന രീതിയിലായിരിക്കും ഇന്ധന വിതരണം നടക്കുക

സ്വകാര്യ ഇരുചക്ര വാഹനങ്ങൾക്ക് 15 ദിവസത്തിലൊരിക്കൽ പരമാവധി 500 രൂപയ്ക്കും, സ്വകാര്യ ഫോർ വീലറുകൾക്ക് 2500 രൂപയ്ക്കും മാത്രമേ ഇന്ധനം ലഭിക്കൂ. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ത്രീ വീലറുകൾക്ക് 15 ദിവസത്തിൽ 4000 രൂപയുടെയും, ഫോർ വീലറുകൾക്ക് 5000 രൂപയുടെയും ഇന്ധനമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ വാഹനങ്ങൾ, ആശുപത്രികൾ, സുരക്ഷാ സേവനങ്ങൾ, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങൾക്ക് ആവശ്യാനുസരണം ഇന്ധനം നൽകും. മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശാനുസരണം ഇന്ധനം ലഭ്യമാക്കുമെന്നും ജനുവരി 13-ന് പുറത്തിറക്കിയ ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
















