
കൊച്ചി: ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരൻ വിഴുങ്ങിയ ഇരുമ്പിന്റെ നട്ട് കൊച്ചി ലക്ഷ്മി ആശുപത്രിയിൽ നടത്തിയ എന്റോസ്കോപിയിലൂടെ പുറത്തെടുത്തതായും, കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായും കുടുംബം അറിയിച്ചു. ആന്ത്രോത്ത് കൈതാട്ട് നിസാറിന്റെ മകൻ മുഹമ്മദ് ഐസാം എന്ന മൂന്ന് വയസ്സുകാരനാണ് അപകട നില തരണം ചെയ്ത് കൊച്ചിയിൽ കഴിയുന്നത്.
അതേസമയം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിക്കുന്നതിന് എയർ ആംബുലൻസ് ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടതായി കുടുംബം ആരോപിക്കുന്നു. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ അന്നു തന്നെ രാത്രിയിൽ ആന്ത്രോത്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയിരുന്നു.
എന്നാൽ ഡോക്ടർ അന്ന് കുട്ടിയുടെ X ray പോലും എടുത്തിരുന്നില്ല. മലത്തിലൂടെ വന്നോളും എന്ന് പറഞ്ഞു ഡോക്ടർ കുട്ടിയെ വീട്ടിലേക്ക് മടക്കിഅയച്ചു. പിറ്റേന്ന് വീണ്ടും കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി X ray എടുത്തപ്പോൾ നട്ട് അവിടെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഡോക്ടർ പിന്നെയും തലേദിവസം പറഞ്ഞത് തന്നെ ആവർത്തിക്കുകയായിരുന്നു എന്നല്ലാതെ വേറെ ഒരു നടപടിയും എടുത്തില്ല. വീണ്ടും ഇവർ വീട്ടിൽപോയി കുട്ടിയെ നിരീക്ഷിക്കുകയും വീണ്ടും വന്ന് xray എടുക്കുകയും ചെയ്തു. അപ്പോഴെല്ലാം തന്നെ ആ നട്ട് അതെ പൊസിഷനിൽ തന്നെ ആയിരുന്നു. പിന്നീട് കുട്ടിയുടെ പിതാവ്, ഇവാക്കുവേഷന് വേണ്ടി അപേക്ഷിച്ചെങ്കിലും ഡോക്ടർ കൂട്ടാക്കിയില്ല. ഇത് എമർജൻസി അല്ല എന്നും അത്കൊണ്ട് വന്കരയിലേക്ക് റഫർ ചെയ്യാനോ ഇവാക്വുവേറ്റ് ചെയ്യാനോ പറ്റില്ല എന്നും ഉറപ്പിച്ചു പറഞ്ഞു. വിഴുങ്ങിയ നട്ട് മലത്തിലൂടെ സ്വാഭാവികമായി പുറത്തേക്ക് വന്നോളും എന്നും ഈ ചെറിയ കാര്യത്തിന് വേണ്ടി ഹെലികോപ്റ്റർ ലഭ്യമാക്കാൻ സാധിക്കില്ല എന്നും ആശുപത്രി അധികൃതർ പറഞ്ഞതായി ഐസാമിന്റെ കുടുംബം ദ്വീപ് മലയാളിയോട് പറഞ്ഞു.
എമർജൻസി രോഗികൾക്ക് മാത്രമേ ഹെലികോപ്റ്റർ ലഭ്യമാവുകയുള്ളൂ എന്നും, വേണമെങ്കിൽ കുട്ടിയെ സ്വന്തം റിസ്കിൽ കപ്പൽ മാർഗ്ഗം കൊച്ചിയിൽ എത്തിച്ചോളാനും ആശുപത്രിയിൽ നിന്നും അറിയിച്ചതായി അവർ പറയുന്നു. അടുത്ത ദിവസം സ്ഥലത്തെ ഡിസ്ട്രിക്ട് കളക്ടറിനെ കൊണ്ടുപോവാനായി എയർ ആംബുലൻസ് വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഐസാമിന്റെ രക്ഷിതാക്കൾ അപേക്ഷിച്ചതിനെ തുടർന്ന് കുട്ടിയോടൊപ്പം കുട്ടിയുടെ പിതാവ് നിസാറിന് മാത്രം എസ്കോർട്ടായി ടിക്കറ്റ് നൽകുകയായിരുന്നു. ആന്ത്രോത്ത് ദ്വീപിൽ നിന്നും കുട്ടിയെ ഇവാക്വുവേറ്റ് ചെയ്യുമ്പോൾ തന്നെ വയറ്റിൽ നട്ട് കുടുങ്ങിയതായി എക്സ്റേ റിപ്പോർട്ട് ലഭിച്ച് 40 മണിക്കൂർ കഴിഞ്ഞതായി റഫറിംഗ് ലെറ്ററിൽ പറയുന്നുണ്ട്.
കൊച്ചിയിൽ എത്തിച്ച കുട്ടിയെ ലക്ഷ്മി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻറോളജി ചീഫ് കൺസൾട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തിൽ നടത്തിയ എന്റ്രോസ്കോപ്പിയിലൂടെയാണ് നട്ട് പുറത്തെടുത്തത്. നാട്ടിൽ നിന്നും രോഗിയെ കൊച്ചിയിൽ എത്തിക്കാൻ വൈകിയ സാഹചര്യം വിവരിച്ച കുട്ടിയുടെ പിതാവിനോട് “രോഗികളുടെ ശ്വാസം നിലച്ചതിന് ശേഷമാണോ നിങ്ങളുടെ നാട്ടിൽ എമർജൻസിയാവുന്നത്?” എന്ന് ലക്ഷ്മി ആശുപത്രിയിലെ ഡോക്ടർമാർ ആശ്ചര്യപ്പെട്ട് ചോദിച്ചതായി കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
