
കൊച്ചി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അറബി, മഹൽ ഭാഷകൾ ഒഴിവാക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ നൽകി കേരള ഹൈക്കോടതി. എൻ.എസ്.യു.ഐ സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കഴിഞ്ഞ മാസം 14-ന് ലക്ഷദ്വിപ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് അറബി, മഹൽ ഭാഷകൾ വിദ്യാഭ്യാസ കരിക്കുലത്തിൽ നിന്നും ഒഴിവാക്കിയത്. ഈ ഉത്തരവിനെതിരെയാണ് എൽ.ടി.സി.സിയുടെ നിർദ്ദേശത്തിൽ എൻ.എസ്.യു.ഐ സംസ്ഥാന കമ്മിറ്റി കോടതിയെ സമീപിച്ചത്.
കേസ് വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു. ഈ മാസം 9-ന് ലക്ഷദ്വിപിലെ സ്കൂളുകൾ വേനലവധി കഴിഞ്ഞ് അടുത്ത അധ്യയന വർഷം ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ അടിയന്തരമായി ഇടക്കാല സ്റ്റേ വേണമെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശദമായ വാദങ്ങൾക്കായി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
