
അഗത്തി: കൊച്ചിയിൽ നിന്നും ഇന്നലെ പുറപ്പെട്ട എം.വി കോറൽസ് കപ്പലിൽ മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ വിമുക്തഭടനും മലയാളിയുമായ സക്കരിയ്യ എന്നയാളെ അഗത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. കപ്പൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ശേഷം കൽപ്പേനി ദ്വീപ് സ്വദേശിയായ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ സക്കരിയയുടെ ദേഹത്ത് നിന്നും മദ്യത്തിന്റെ ഗന്ധമുണ്ടായതായി യാത്രക്കാരൻ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹം സോഫയിൽ ഇരുന്ന് മദ്യക്കുപ്പി എടുത്ത് വീണ്ടും മദ്യപിക്കുന്നത് കണ്ട യാത്രക്കാരൻ കപ്പൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
മദ്യപിച്ച വിമുക്തഭടന്റെ മെഡിക്കൽ ഉൾപ്പെടെ എടുക്കാതെ സമയം വൈകിപ്പിച്ചതിനെ തുടർന്ന് യാത്രക്കാരൻ വീണ്ടും ബഹളമുണ്ടാക്കി. തുടർന്നാണ് ഡോക്ടറെ വിവരം അറിയിക്കുകയും രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തുകയും ചെയ്തത്. പരിശോധനയിൽ രക്തത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് കപ്പൽ അധികൃതർ അഗത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സക്കരിയ്യ എന്ന വിമുക്ത ഭടൻ കവരത്തിയിൽ നേവൽ ബേസിൽ സെക്യൂരിറ്റിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ഇദ്ദേഹം.
