
കവരത്തി: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ലക്ഷദ്വിപ് തീരങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കർണാടക തീരത്തോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടലിൽ ഈ മാസം 21 ഓടെ ഒരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായി ലക്ഷദ്വിപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഫലമായി മെയ് 22 ഓടെ ഒരു ന്യൂനമർദ്ദം രൂപപ്പെടാനും ഇത് വടക്കോട്ട് സഞ്ചരിക്കാനും ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.
ഇതിന്റെ മുന്നോടി എന്നോണം ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ലക്ഷദ്വിപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ആയതിനാൽ ഈ കാലയളവിൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോവരുത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി ലക്ഷദ്വിപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
