കൊച്ചി: ഗതാഗത മേഖലയിൽ ലക്ഷദ്വീപ് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അശാസ്ത്രീയമായ ത്രിഭാഷാ നയം നടപ്പാക്കുക വഴി അറബി/ ദിവഹി ഭാഷകൾ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കിയത്, കൊച്ചിയിലെ ലക്ഷദ്വിപ് ഓഫീസ് പ്രവർത്തനരഹിതമായത് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ എൻ.സി.പി(എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ കോയാ അറഫാ മിറാജ് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷമായി ഒരേ സമയം ഒരു കപ്പൽ മാത്രം സർവ്വീസ് നടത്തിയാൽ മതി എന്ന രൂപത്തിലാണ് ലക്ഷദ്വിപ് ഭരണകൂടം മുന്നോട്ട് പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് തുറമുഖ വകുപ്പുമായി എൻ.സി.പി(എസ്.പി) നടത്തിയ ഇടപെടലുകളുടെ ഭാഗമായി നിലവിൽ സർവ്വീസ് നടത്തുന്ന രണ്ടു കപ്പലുകൾക്ക് പുറമെ ലക്ഷദ്വിപ് സീ കപ്പൽ കൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവ്വീസ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് ഉറപ്പു നൽകിയതായി അഡ്വ അറഫാ പത്രസമ്മേളനത്തിൽ അറിയിച്ചു. ലക്ഷദ്വീപിലെ എത്ര പേരാണ് വൻകരയിൽ കുടുങ്ങി കിടക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ കണക്കുകൾ ഇല്ല. അത്തരം കണക്കെടുപ്പിന് ലക്ഷദ്വിപ് ഭരണകൂടം തയ്യാറാവുന്നില്ല. ബേളാരം എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഇതിനായി നടത്തുന്ന സർവ്വേയിൽ ഒറ്റ ദിവസംകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തത്. എത്ര ആളുകൾ ലക്ഷദ്വിപിലേക്ക് പോകാനുണ്ട് എന്ന് സർക്കാർ തലത്തിൽ തന്നെ ഒരു കണക്കെടുപ്പ് ഉണ്ടായാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ലഭ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ത്രിഭാഷാ നയം നടപ്പാക്കുക വഴി ലക്ഷദ്വിപിന്റെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന അറബി ഭാഷയെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നും പൂർണ്ണമായി തഴയപ്പെടുകയാണ്. മിനിക്കോയ് ദ്വീപുകാർ സംസാരിക്കുകയായിരുന്ന മഹൽ/ദിവഹി എന്ന ഭാഷയെ നേരത്തെ തന്നെ ഒഴിവാക്കിയതുമാണ്. ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വിപിലെ ജനങ്ങളെ കേൾക്കാനോ അവരുടെ വികാരം ഉൾക്കൊള്ളാനോ ലക്ഷദ്വിപ് ഭരണകൂടം തയ്യാറായിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഓരോ ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്നാണ് പറയുന്നത്. എന്നാൽ ലക്ഷദ്വിപിൽ നിലവിലുള്ള സ്കൂളുകൾ അടച്ചു പൂട്ടുകയാണ്.

കൊച്ചിയിലെ ലക്ഷദ്വിപ് ഓഫീസ് പ്രവർത്തനരഹിതമായത്, പണ്ടാരം ഭൂമി തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയുടെ നിലപാടുകൾ പത്ര സമ്മേളനത്തിൽ നേതാക്കൾ വൃക്തമാക്കി. എന്നാൽ ഈ വിഷയങ്ങളിൽ ഒന്നും ലക്ഷദ്വിപ് എം.പി ഹംദുള്ളാ സഈദ് ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്ന് അഡ്വ അറഫാ ആരോപിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം ചേർന്നു നിന്നു കൊണ്ട് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഹംദുള്ളാ സഈദ് തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷഹസാദ് കൽപ്പേനി, കോമളം കോയാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here