കോഴിക്കോട് : ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഭാഷാ നയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം. അറബിക്, മഹൽ എന്നീ ഭാഷകളെ ഭാഷാ പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമാണെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദ് പറഞ്ഞു. കൂടാതെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എം.പി നിവേദനം സമർപ്പിച്ചു. നടപടിയിൽ ലക്ഷദ്വീപിലെ രക്ഷിതാക്കളും അധ്യാപകരും സാമുദായിക നേതാക്കളും കടുത്ത ആശങ്കയിലാണെന്നും ഹംദുള്ളാ സഈദ് കൂട്ടി ചേർത്തു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെട്ട ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിനായാണ് കുട്ടികളുടെ പഠന വിഷയങ്ങളിൽ നിന്ന് അറബിയും മഹൽ ഭാഷയും ഒഴിവാക്കിയിരിക്കുന്നത്. മുൻകൂട്ടി ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സാമൂഹിക തലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ഈ മാറ്റത്തിനെതിരെ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും ഈ ഭാഷകൾ ദ്വീപിന്റെ സംസ്‍കാരമാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും എം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

അറബിയും മഹലും ദ്വീപ് സമൂഹത്തിന്റെ സാംസ്‌കാരികപരമായ അടിത്തറയാണ്. മതപരമായ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഭാഷയായ അറബിയും, മിനിക്കോയ് ദ്വീപിലെ തദ്ദേശീയ ഭാഷയായ മഹലും, ഈ പ്രദേശത്തെ ഭാഷാ പൈതൃകത്തിന്റെ അടിസ്ഥാന കല്ലുകളാണ്. ഇവയെ ഒഴിവാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 29(1) ലെ സംരക്ഷണ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും എം.പി ചൂണ്ടിക്കാട്ടി.

ഏതൊരു പ്രദേശത്തും ഒരു പ്രത്യേക ഭാഷയെ മാത്രം അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന മാർഗ്ഗനിർദ്ദേശം ലംഘിക്കുന്ന തരത്തിലാണ് ഈ നീക്കം എന്നും രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഡയറക്ടർക്കും, അഡ്മിനിസ്ട്രേറ്റർക്കും സമർപ്പിച്ച നിവേദനങ്ങളിൽ ഈ നിലപാടുകൾ ശക്തമായി പ്രതിപാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here