
കവരത്തി: ലക്ഷദ്വിപ് ആരോഗ്യ വകുപ്പിന് കീഴിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ കാലാവധി കഴിഞ്ഞ 130-ൽ അധികം കരാർ തസ്തികകൾക്ക് പകരമായി പുതിയ നിയമന അപേക്ഷ ക്ഷണിച്ചു. 45 സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 88 തസ്തികകളിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചത്. കാലാവധി കഴിഞ്ഞവർക്ക് വീണ്ടും സമയം നീട്ടി നൽകണമെന്ന് കഴിഞ്ഞ അഞ്ചു മാസമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ കാലാവധി നീട്ടി നൽകാതെ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ഏതാണ്ട് അൻപതോളം കരാർ ജീവനക്കാരെ കുറയ്ക്കുന്ന നടപടിയാണ് ലക്ഷദ്വിപ് ആരോഗ്യ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
45 സ്റ്റാഫ് നഴ്സുമാർക്ക് പുറമെ 10 നഴ്സിംഗ് അസിസ്റ്റന്റ്, 4 ഫാർമസിസ്റ്റ്, 4 റേഡിയോഗ്രാഫർ, 8 ലാബ് ടെക്നീഷ്യൻ, 5 ലാബ് അസിസ്റ്റന്റ്, 5 ഒ.ടി ടെക്നീഷ്യൻ ഉൾപ്പെടെ 88 മെഡിക്കൽ/ പാരാമെഡിക്കൽ സ്റ്റാഫുകളെയാണ് കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കായി നിയമിക്കുന്നത്.
അതേസമയം പുതിയ കരാർ നിയമനങ്ങൾക്ക് ലക്ഷദ്വിപ് ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വേതനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കരാർ കാലാവധി കഴിഞ്ഞ ജീവനക്കാരിൽ ബി.എസ്.സി/ ജനറൽ നഴ്സിംഗ് കഴിഞ്ഞ് പത്തു വർഷത്തോളമായി ലക്ഷദ്വിപ് ആരോഗ്യ വകുപ്പിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന സ്റ്റാഫ് നഴ്സുമാരും മറ്റു പാരാമെഡിക്കൽ സ്റ്റാഫുകളുമുണ്ട്. സ്ഥിരം നിയമനം നടത്താത്തതിനെ തുടർന്നാണ് ഇത്രയും പ്രവൃത്തി പരിചയമുള്ള ഈ നഴ്സുമാർക്ക് താൽക്കാലിക കരാർ തസ്തികകൾക്കായി അപേക്ഷ നൽകേണ്ടി വരുന്നത്. എന്നാൽ ഇത്രയും പ്രവൃത്തി പരിചയമുള്ള ഇവർക്ക് മാസ വേതമായി നിശ്ചയിച്ചിരിക്കുന്നത് വെറും ₹12000 രൂപയാണ്. നമ്മുടെ ജീവന് കാവലിരിക്കുന്ന മാലാഖമാരാണ് ഓരോ സ്റ്റാഫ് നഴ്സും. അവരുടെ അധ്വാനത്തിന് പുല്ലുവില നൽകുന്ന രീതിയിൽ ലോകത്തെവിടെയും ഇല്ലാത്ത ഇത്രയും കുറഞ്ഞ വേതനം സ്റ്റാഫ് നഴ്സുമാർക്ക് നൽകുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഇതിനെതിരെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
