
കവരത്തി: ഈ മാസം 26 വരെ ലക്ഷദ്വിപ് തീരങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കർണാടക തീരത്തോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ലക്ഷദ്വിപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ ന്യൂനമർദ്ദം വടക്കോട്ട് സഞ്ചരിക്കാനും അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മെയ് 26 വരെ ലക്ഷദ്വിപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ആയതിനാൽ ഈ കാലയളവിൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോവരുത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി ലക്ഷദ്വിപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
