
കൊച്ചി: ‘ഇല പൊഴിയും കാലം’ എന്ന ശ്രദ്ധേയമായ കൃതിക്കു ശേഷം ലക്ഷദ്വിപിന്റെ കഥാകാരി ഹസൂരിയ ഖാൻ എഴുതിയ ‘മഴപ്പക്ഷികൾ’ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. നിരൂപക പ്രശംസ പിടിച്ചുപറ്റിയ കൃതിയിലെ ‘ലക്ഷദ്വീപുകാരൻ’ എന്ന ചെറുകഥയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. അഞ്ചു പേജുകളിലായി വളരെ ചുരുങ്ങിയ വാക്കുകളിൽ വിരിഞ്ഞ ആ ചെറുകഥ ലക്ഷദ്വിപുകാരന്റെ ജീവിതത്തെ വരച്ചു കാണിക്കുന്നു. ചരിത്രപരമായി തന്നെ ലക്ഷദ്വിപുകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ, ദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ കേൾക്കാതെ ലക്ഷദ്വിപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരായ രാഷ്ട്രീയം കൂടി പറയുന്നതാണ് ‘ലക്ഷദ്വീപുകാരൻ’ എന്ന ചെറുകഥ.
പട്ടിയെയും പാമ്പിനെയും പേടിക്കാതെ നിർഭയം ജീവിച്ചിരുന്ന നാട്ടിൽ ഇന്ന് ഭരണകൂട ഉത്തരവുകളെയും നിയമങ്ങളെയും പേടിക്കേണ്ട അവസ്ഥയിലാണ്. ഈ ദുര്യോഗം തന്റെ കഥയിലൂടെ തുറന്നു കാട്ടുന്നുണ്ട് ഹസൂരിയ ഖാൻ. “ഗത്യന്തരമില്ലാതെ, ചികിത്സക്കും മറ്റുമായി ടിക്കറ്റില്ലാതെ കപ്പലിൽ കയറിയാൽ കപ്പലിൽ നിന്നും ഇറക്കി വിടുകയും ഭീമമായ തുക പിഴ അടപ്പിക്കുകയുമാണ് ഭരണകൂടം. ലോകത്തിൽ എവിടെയാണ് ഇങ്ങനെയൊരു ദുരവസ്ഥ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? ചോദിക്കാനും പറയാനും ആരുമില്ല.” എന്ന് തുടരുന്ന വരികൾ സമകാലിക ലക്ഷദ്വിപുകാരന്റെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ വരച്ചു കാട്ടുന്നതാണ്.
മലയാള ചെറുകഥാ സാഹിത്യത്തിൽ ബഷീറും എം.ടിയും തുടങ്ങി പുതുതലമുറ എഴുത്തുകാർ വരെ എഴുതിയ അസംഖ്യം രചനകളുണ്ട്. ഓരോ രചനകളും വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജീവിതങ്ങളെയും വരച്ചു കാണിക്കുകയും അതാത് കാലങ്ങളിലെ അനീതികളോട് കലഹിക്കുകയും ചെയ്യുന്നുണ്ട്. ഹസൂരിയ ഖാൻ എന്ന ലക്ഷദ്വിപിന്റെ പുത്രി, നമ്മുടെ സഹോദരി അവരുടെ വരികളിലും ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള കലഹങ്ങളുടെ സ്വരങ്ങൾ കോറിയിടുന്നുണ്ട്. മലപ്പുറം ജില്ലയിലെ തലപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന എജ്യൂമാർട്ട് പ്ലസ് എജ്യൂക്കേഷണൽ ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് ‘മഴപ്പക്ഷികൾ’എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ കോപ്പികൾക്കായി 8281362308 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
