
ആന്ത്രോത്ത്: വൈറ്റ് സാന്റും കാറ്റലൻസ് ഫുട്ബോൾ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വൈറ്റ് സാന്റ് ഫ്ലഡ് ലൈറ്റ് ബീച്ച് സോക്കർ ടൂർണമെന്റിൽ ബക്കാല ടീം ജേതാക്കളായി. സിൽവേഴ്സ് ടീമുമായി നടന്ന ഫൈനൽ മത്സരത്തിന്റെ ആദ്യ രണ്ടു ക്വാർട്ടറിലും ബക്കാല ടീമാണ് മുന്നിട്ടു നിന്നത്. അവസാന റൗണ്ടിൽ കളി അവസാനിക്കുന്നതിന് തൊട്ടു മുൻപ് അസാധാരണമായി റഫറി ഫൗൾ വിളിക്കുകയും മഞ്ഞ കാർഡ് നൽകുകയും ചെയ്തതോടെ സിൽവേഴ്സ് ടീം കളി ബഹിഷ്കരിച്ചു കളിക്കളം വിട്ടതോടെയാണ് ബക്കാല ടീമിനെ വിജയിയായി പ്രഖ്യാപിച്ചത്. സ്കോർ, ബക്കാല-05, സിൽവേഴ്സ് -03.
ടൂർണമെന്റിലെ പ്രോമിസിംഗ് പ്ലയറായി ഹിശാമിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ – റഫ്സാൻ, ബെസ്റ്റ് ഗോൾ കീപ്പർ – മുഹമ്മദ് ബിഷറുൽ ഹാഫി, ബെസ്റ്റ് ഡിഫന്റർ – സാബിർ, ബെസ്റ്റ് പ്ലയർ – റഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു. അഞ്ചു കളികളിൽ നിന്നായി 25 ഗോളുകൾ നേടിയ സിൽവേഴ്സിന്റെ സഫ്വാനാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. സമ്മാനദാന ചടങ്ങിൽ ആന്ത്രോത്ത് സായ് സെന്റർ ഇൻ ചാർജ് മുഹമ്മദ് ഷഫീഖ് മുഖ്യാതിഥിയായി. ആന്ത്രോത്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് റാഫി, റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി യു.കെ മുഹമ്മദ് ഖാസിം, വൈറ്റ് സാന്റ് ഉടമ ഷഫീഖ്, റഫറിമാരായ ഷഹസൂം അലി, നിയാസ് ഖാൻ, അസീം, അബ്ദുൽ ഹക്കീം, മൂപ്പൻസ് സോളാർ മാനേജർ മിദ്‌ലാജ് തുടങ്ങിയവർ സംബന്ധിച്ചു.
