
കവരത്തി: മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും റമദാൻ ഒന്ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാൻ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാൻ ഒന്ന് സ്ഥിരീകരിച്ച് വ്രതം ആരംഭിച്ചിരുന്നു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.
ഇന്ന് വൈകുന്നേരം പൊന്നാനിയിലും കാപ്പാടും വർക്കലയിലുമായി കേരളത്തിലും മാസപ്പിറവി കണ്ടു. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങൾ എന്നിവരാണ് കേരളത്തിൽ മാസപ്പിറവി കണ്ടതായി പ്രഖ്യാപനം നടത്തിയത്.
