
കവരത്തി: കാനറാ ബാങ്കിൽ നിന്നും എന്ന വ്യാജേന വാട്സാപ്പിൽ വരുന്ന മെസേജുകൾ മൂലം ലക്ഷദ്വീപിലെ പലർക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി. ബാങ്ക് അക്കൗണ്ടുമായി നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്തില്ല എന്നും, എത്രയും പെട്ടന്ന് ഇത് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആവും എന്ന് കാണിക്കുന്ന മെസേജുകളാണ് വാട്സാപ്പ് വഴി ലഭിക്കുന്നത്. ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം എന്ന് പറഞ്ഞ് ഒരു എ.പി.കെ ഫയൽ കൂടി വാട്സാപ്പ് മെസേജിനൊപ്പം അയക്കുന്നു. ഒറ്റനോട്ടത്തിൽ കാനറാ ബാങ്കിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ ആണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ആപ്പ്. അതുകൊണ്ട് തന്നെ പലരും വഞ്ചിക്കപ്പെടുകയാണ്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നമ്മുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും ബാങ്കിൽ നിന്നും വരുന്ന ഒ.ടി.പി ഉൾപ്പെടെയുള്ള സ്വകാര്യ സന്ദേശങ്ങൾ അത്തരം തട്ടിപ്പുകാർക്ക് ലഭിക്കുകയും ചെയ്യുന്നു.
ലക്ഷദ്വീപിൽ ഇങ്ങനെ വ്യാപകമായി തട്ടിപ്പുകാർ വാട്സാപ്പ് വഴി ഈ വ്യാജ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. പലർക്കും ലക്ഷങ്ങൾ അവരുടെ അക്കൗണ്ടുകളിൽ നിന്നും നഷ്ടപ്പെട്ടതായി പോലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപിൽ നിന്നും രണ്ടു പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പോലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. മറ്റു ദ്വീപുകളിലും സമാനമായി പരാതികൾ ലഭിച്ചതായാണ് അറിയുന്നത്.
ഒരു കാരണവശാലും കാനറാ ബാങ്കിൽ നിന്നും അങ്ങനെ മെസ്സേജുകൾ വരില്ല എന്നും ഉപഭോക്താക്കൾ ആരും വഞ്ചിതരാവരുത് എന്നും കാനറാ ബാങ്ക് അധികൃതർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ലക്ഷദ്വീപ് പോലീസിനു കീഴിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ 1930 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് പരാതികൾ നൽകണമെന്ന് ലക്ഷദ്വീപ് പോലീസ് അറിയിച്ചു.
