
കവരത്തി: റോഡരികിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം എന്ന് കാണിച്ച് കെട്ടിട ഉടമകൾക്ക് ഡെപ്യൂട്ടി കളക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ആശങ്ക അറിയിച്ച് എൻ.സി.പി(എസ്.പി) നേതാക്കൾ ഡെപ്യൂട്ടി കളക്ടറുമായി കൂടിക്കാഴ്ച നടത്തി.
ഡൈവേർഷൻ നിയമങ്ങൾ വരുന്നതിന് മുമ്പ് പണി കഴിപ്പിച്ച കെട്ടിടങ്ങൾക്കും മറ്റും നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ചാണ് നോട്ടീസ് ലഭിച്ച നാട്ടുകാർക്കൊപ്പം എൻ.സി.പി (എസ്.പി) നേതാക്കൾ കവരത്തി ഡെപ്യുട്ടി കളക്ടറെ കണ്ടത്. വ്യക്തമായ രേഖകളുള്ള ആരുടെയും വീടുകളോ, കെട്ടിടങ്ങളോ പൊളിച്ച് മാറ്റില്ലെന്ന് ഡെപ്യുട്ടി കളക്ടർ നേതാക്കളെ അറിയിച്ചു. എൻ.സി.പി (എസ്.പി) സംസ്ഥാന സെക്രട്ടറി കെ. ഐ നിസാമുദ്ദീൻ, വൈസ് പ്രസിഡന്റ് പി. പി അൻവർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.പി അബ്ദുൽ റസാഖ്, മുതിർന്ന നേതാവ് എം.സി മുത്തുകോയ, യൂണിറ്റ് പ്രസിഡന്റ് കെ. ആറ്റക്കോയ എന്നിവർ നേതൃത്വം നൽകി.
