ന്യൂഡൽഹി: വിവരാവകാശ ഓൺലൈൻ പോർട്ടലിൽ ലക്ഷദ്വീപിലെ എല്ലാ വകുപ്പുകളും ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഭൂമി ശാസ്ത്ര പരമായി ലക്ഷദ്വീപിന് ഒരുപാട് വെല്ലുവിളികളുണ്ട്. ജനവാസമുള്ള 10 ദ്വീപുകളും വ്യത്യസ്ഥ സ്ഥാനങ്ങളിലായി കടലിൽ ഒറ്റപ്പെട്ട് കിടക്കുന്നവയാണ്. മറ്റു ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഓഫീസുകളിൽ നിന്നും വിവരവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ച് മറുപടി നേടുന്നതിന് വളരെ അധികം കാലതാമസം വരാറുണ്ട്. ഇതിന് ഒരു പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള മുഴുവൻ വകുപ്പുകളിലും വിവരാവകാശ ഓൺലൈൻ പോർട്ടൽ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സാമൂഹിക പ്രവർത്തകനായ ശ്രീ. മഹദാ ഹുസൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച കത്തിലാണ് അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപ് പോലെയുള്ള ആന്ധമാൻ നിക്കോബാർ ദ്വീപുകളടക്കം ഓൺലൈൻ പോർട്ടലിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങി. മുൻപ് ലക്ഷദ്വീപിൽ ഇന്റർനെറ്റ് ലഭ്യത കുറവായിരുന്നു. പക്ഷെ, ഇന്ന് അതിവേഗ ഇന്റർനെറ്റ് സംവിധാനങ്ങൾ കൈവരിച്ച ലക്ഷദ്വീപിലെ മുഴുവൻ ഡിപ്പാർട്ട്മെന്റുകളും വിവരാവകാശ ഓൺലൈൻ പോർട്ടലിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷദ്വീപ് അഡ്മിനിസ്റ്റേഷന് നിർദേശം നൽകിയിരിക്കുകയാണ്. ഇത് നടപ്പിൽ വരുന്നതിലൂടെ ഓരോ ദ്വീപുകാരനും വീടുകളിൽ തന്നെയിരുന്ന് ഓൺലൈനായി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുകയും ഇത് സാധാരണ ജനങ്ങൾക്ക് കൂടുതൽ സഹായകമാവുകയും ഓഫീസുകളിലെ ജോലികളിൽ സുധാര്യത ഉണ്ടാവുകയും ചെയ്യും.