മിനിക്കോയ്: 2022 ലെ ലക്ഷദ്വീപിലെ പഞ്ചായത്ത് റെഗുലേഷനിലെ സെക്ഷൻ 41, 90 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന നികുതിയോ ഫീസോ ചുമത്താനും ഈടാക്കാനും തീരുമാനിക്കുന്നതിന്, ഗ്രാമപഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിക്ഷിപ്തമാണ് അധികാരങ്ങൾ. റൂൾ 3 ലക്ഷദ്വീപ് പഞ്ചായത്തുകളുടെ (നികുതിയും അപ്പീലും) റൂൾസ്, 2023 അനുസരിച്ച്, ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും പാസാക്കിയ പ്രമേയത്തിലൂടെ നികുതിയും ഫീസും നിശ്ചയിക്കുന്നതിനും ചുമത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ എടുക്കാവുന്നതാണ്. ഏത് തീയതി മുതൽ അത് ചുമത്തുകയും ഈടാക്കുകയും ചെയ്യണമെന്നും പഞ്ചായത്താണ് തീരുമാനിക്കേണ്ടത്.
08.12.2023 ന് ഡയരക്ടർ ഓഫ് പഞ്ചായത്ത്, ലക്ഷദ്വീപ് പുറത്തിറക്കിയ നികുതി പിരിവിനായുള്ള ഉത്തരവിനെതിരെ 2023-ൽ കിൽത്താൻ ദ്വീപ് സ്വദേശി മഹദാ ഹുസൈൻ കേരളാ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. WP(C) 42434/2023 എന്ന കേസ് നമ്പർ പ്രകാരം കേരളാ ഹൈകോടതിയുടെ പരിധിയിൽ ഇനിയും തീർപ്പ് കൽപ്പിക്കപ്പെടാത്ത വിഷയത്തിലാണ് 4.12.2024 ൽ മിനികോയ് ഡെപ്യൂട്ടി കളക്ടർ കം സി.ഇ.ഒ 15 ദിവസത്തിനുള്ളിൽ ജനങ്ങളിൽ നിന്നും നികുതി പിരിവിനായുള്ള രേഖകൾ ശേഖരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തീർപ്പ് കൽപ്പിക്കപ്പെടാതെ ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയുടെ പരിഗണനയിൽ നിൽക്കുന്ന നികുതി പിരിവ് സംബന്ധമായ വിഷയത്തിൽ ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയതിലൂടെ ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ആയതിനാൽ 4.12.2024 ന് മിനിക്കോഴി ഡെപ്യൂട്ടി കളക്ടർ പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മഹദാ ഹുസൈൻ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയും ടാക്സ് നടപടികൾ നിർത്തി വെക്കുന്നതായി കാണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മിനിക്കോയ് ഡെപ്യുട്ടി കളക്ടർ.