ആന്ത്രോത്ത്: സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ സമ്മേളനം സമാപിച്ചു. ശനിയാഴ്ച രാവിലെ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ വിവിധ ദ്വീപുകളിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. ആന്ത്രോത്ത് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് ഷാഫി ഖുറൈശിയാണ് ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേക്ക് കടന്നുവന്ന ഷാഫി ഖുറൈശി വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ എസ്.എഫ്.ഐ പ്രവർത്തകനാവുകയും യൂണിവേഴ്സിറ്റി യൂണിയണിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി ഇൻ ചാർജ്ജായി ചുമതല നിർവ്വഹിച്ചു വരികയായിരുന്നു. സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി അംഗങ്ങളായി ലുഖ്മാനുൽ ഹക്കീം കവരത്തി, മുഹമ്മദ് അലി കവരത്തി, സിറാജുദ്ദീൻ കവരത്തി, അശ്കർ അലി കവരത്തി, ഇ.കെ ഫത്തഹുദ്ദീൻ ആന്ത്രോത്ത്, മുഹമ്മദ് യാസർ ആന്ത്രോത്ത്, സാദിഖ് അലി ആന്ത്രോത്ത്, സലാഹുദ്ദീൻ അഗത്തി, ഹസ്സൻ കോയ അഗത്തി, ഷരീഫ് ഖാൻ അഗത്തി, സൈനുൽ ആബിദ് ചെത്ത്ലാത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയും രോഗികളുടെ ചികിത്സാ ആവശ്യങ്ങളെയും വരെ ബാധിക്കുന്ന സാഹചര്യത്തിൽ, യാത്രാ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര സുഗമമാക്കാനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം അടിയന്തരമായി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറൈശിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം രാജ്യസഭാ എം.പി ഡോ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിന്റെ പൊതുവായ വിഷയങ്ങളിൽ സങ്കുചിതമായ കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചു കൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ യോജിച്ചുള്ള മുന്നേറ്റമാണ് നടത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നിൽ പ്രതിരോധം തീർത്ത് സ്വാതന്ത്ര്യം നേടിയെടുത്ത പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിസ്തുലമായ സംഭാവനകൾ നൽകിയ പ്രദേശമാണ് ലക്ഷദ്വീപ്. പോരാടാനുറച്ച ഒരു ജനതയും പരാജയപ്പെട്ട ചരിത്രം ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിന് ആ ചരിത്രങ്ങൾ അറിയില്ല. അതുകൊണ്ട് ലക്ഷദ്വീപിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ ഒരു പട്ടേലിനും ഇവിടെ പിടിച്ചു നിൽക്കാനാവില്ല. അത്തരം യോജിച്ച മുന്നേറ്റങ്ങൾക്ക് സി.പി.ഐ (എം) എല്ലാ പിന്തുണയും നൽകാൻ സന്നദ്ധമാണെന്ന് ഡോ. വി ശിവദാസൻ എം.പി കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here