ആന്ത്രോത്ത്: ആന്ത്രോത്ത് ജുമുഅത്ത് പള്ളി ഖത്തീബായി ആലിയത്തമ്മാട തറവാട്ടിൽ നിന്നുള്ള യോഗ്യരായവരെ നിയമിക്കണം എന്ന ഹൈക്കോടതി വിധി നടപടിക്രമങ്ങൾ പൂർത്തിയാക്കി നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലിയത്തമ്മാട തറവാട്ടിൽ യോഗ്യരായ ആളുകൾ ഇല്ലെങ്കിൽ മുത്തവല്ലിക്ക് പുറത്തു നിന്നും ഖത്തീബിനെ നിയമിക്കാം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ ഖത്തീബ് നിയമനം നടത്താവൂ എന്ന് കോടതി ഉത്തരവിൽ പറയുന്നതിനാൽ, ആ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സ്വാഭാവിക കാലതാമസമാണ് നിലവിലുള്ളത്. ഇതു പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്.

ദീർഘകാലമായി നടന്നു വരുന്ന കേസിലാണ് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. ആലിയത്തമ്മാട തറവാട്ടിൽ നിന്നുള്ള ഇരു വിഭാഗങ്ങൾ തമ്മിലാണ് ഖത്തീബുമായി ബന്ധപ്പെട്ട കേസ് കീഴ്ക്കോടതിയിൽ ആരംഭിച്ചത്. എന്നാൽ പള്ളിയിൽ ഖത്തീബിനെ നിയമിക്കേണ്ടത് മുത്തവല്ലിയാണെന്നും അതു പ്രകാരം ആലിയത്തമ്മാട തറവാട്ടിലെ ഇരു വിഭാഗങ്ങളിൽ ആരെ ഖത്തീബായി നിയമിക്കണം എന്ന തർക്കം ജുമുഅത്ത് പള്ളി മുത്തവല്ലിയുമായി ബന്ധപ്പെട്ട് രമ്യമായി പരിഹരിക്കണമെന്നും കീഴ്ക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആലിയത്തമ്മാട തറവാട്ടിലെ രണ്ടു വിഭാഗങ്ങളും അവർ തമ്മിലുള്ള തർക്കം ഒഴിവാക്കി ഒന്നിച്ച് ഹൈക്കോടതിയെ സമീപിച്ചു. ആലിയത്തമ്മാട തറവാട്ടിൽ നിന്നും ഖത്തീബിനെ നിയമിക്കാൻ വേണ്ട നിയമ സാധുതയാണ് അവർ ഹൈക്കോടതിയിൽ ആരാഞ്ഞത്. ഈ കേസിലാണ് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടത്. ഖത്തീബായി ആലിയത്തമ്മാട തറവാട്ടിലെ യോഗ്യരായവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിക്കുകയും, ഖത്തീബ് നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വഖഫ് ബോർഡ് സി.ഇ.ഒ, ആലിയത്തമ്മാട തറവാട്ടിലെ മുതിർന്ന ആളുകൾ എന്നിവരുമായി കൺസൽട്ട് ചെയ്യുകയും വേണം എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. ആലിയത്തമ്മാട തറവാട്ടിൽ യോഗ്യരായ ആളുകൾ ഇല്ലെങ്കിൽ മുത്തവല്ലിക്ക് പുറത്തു നിന്നും ഖത്തീബിനെ നിയമിക്കാം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഈ വിധി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആലിയത്തമ്മാട തറവാട്ടുകാർ സ്ഥലം ഡെപ്യൂട്ടി കളക്ടറെ സമീപിച്ചത്. തുടർന്ന് ഡെപ്യൂട്ടി കളക്ടർ വിളിച്ച യോഗങ്ങളിൽ പ്രബലമായ രണ്ടു തറവാട്ടുകാരും അവരുടെ നിലപാടുകൾ അറിയിച്ചു. കോടതി പറഞ്ഞത് അനുസരിച്ച് ഖത്തീബിനെ നിയമിക്കാനുള്ള പൂർണ്ണ അധികാരം ജുമുഅത്ത് പള്ളിയുടെ മുത്തവല്ലിയായ പാട്ടകൽ തറവാട്ടിലെ കാരണവർക്കാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ നിയമനം നടത്താവൂ എന്ന് കോടതി ഉത്തരവിൽ പറയുന്നതിനാൽ അതിനു വേണ്ട സാവകാശം ആവശ്യമാണെന്ന് ജുമുഅത്ത് പള്ളിയുടെ മുത്തവല്ലി ഡെപ്യൂട്ടി കളക്ടറെ അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അത് പിന്നീട് കോടതിയലക്ഷ്യമായി മാറുമെന്നതിനാൽ ആവശ്യമായ സാവകാശം അനുവദിക്കണം എന്നായിരുന്നു മുത്തവല്ലിയുടെ നിലപാട്. എന്നാൽ ഖത്തീബിനെ അടിയന്തരമായി നിയമിക്കണം എന്ന നിലപാടാണ് ആലിയത്തമ്മാട തറവാടുകാർ ഡെപ്യൂട്ടി കളക്ടറെ അറിയിച്ചത്. ഇരു വിഭാഗങ്ങളുമായി ഡെപ്യൂട്ടി കളക്ടർ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും യോജിച്ച തീരുമാനത്തിൽ എത്തിയില്ല. തുടർന്ന് ജുമുഅ നിസ്കാര സമയത്ത് സംഘർഷങ്ങൾ ഉണ്ടാവരുത് എന്ന നിലയിലാണ് താൽക്കാലികമായി ജുമുഅ തടസ്സപ്പെടുന്ന രീതിയിൽ പള്ളിയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് ഇരു കുടുംബങ്ങളും ശ്രമിക്കുന്നത്. കോടതി നിർദേശിച്ച രൂപത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ഖത്തീബിനെ നിയമിച്ചു കൊണ്ട് മുത്തവല്ലിയുടെ തീരുമാനം ഉണ്ടാകും എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here