കവരത്തി: ഭിന്നശേഷി സംവരണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എൽ.ഡി.ഡബ്ല്യു.എ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ വകുപ്പുകളിലേക്ക് ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പോർട്സ്(ടൂറിസം) അധികൃതരെ കണ്ട ശേഷം സംസാരിക്കുന്നു അവർ. ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ താത്കാലിക ജീവനക്കാർ സേവനം ചെയ്യുന്നത് ടൂറിസം പ്രൊമോഷൻ വകുപ്പിലാണ്. എന്നാൽ സ്പോർട്സിൽ നിലവിൽ ആകെ രണ്ടു ഭിന്നശേഷിക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ആ.പി.ഡി.ഡബ്ല്യു ആക്ട് പ്രകാരം ഭിന്നശേഷി വിഭാഗത്തിന് അഞ്ചു ശതമാനം സംവരണം ഉറപ്പാക്കാൻ നിയമമുണ്ട്. എന്നാൽ ഈ നിയമം പാലിക്കാൻ അധികൃതർ തയ്യാറാവാത്തത് ഖേദകരമാണെന്ന് നേതാക്കൾ അറിയിച്ചു. വിനോദ സഞ്ചാരികൾ എത്തുന്ന മേഖലകളിൽ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നടത്താനുള്ള സഹായങ്ങളും ഗ്രാന്റുകളും ലഭ്യമാക്കണം എന്നും അവർ ആവശ്യപ്പെട്ടു. അമിനി യൂണിറ്റ് പ്രസിഡണ്ട് എൻ.സി ശാബാൻ, ഹാജറാ കെ.ബി, ബി.കെ.സി സാബിത്ത്, റസുലുദ്ദീൻ, ഫരീദാ തുടങ്ങിയവർ സംസാരിച്ചു.