കൊച്ചി: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റോ ആവശ്യമായ കപ്പൽ ഷെഡ്യൂളോ ഇല്ലാതെ വലഞ്ഞ് വിദ്യാർത്ഥികൾ. കൊച്ചി ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ള ടിക്കറ്റ് കൗണ്ടറിൽ കൂട്ടത്തോടെ എത്തിയ വിദ്യാർത്ഥികൾ വലയുകയാണ്. വിദ്യാർത്ഥികളുടെ ദുരിതം പറയാനായി പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഫോൺ കോൾ എടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഡിയ വൺ മാധ്യമ പ്രവർത്തകർ ടിക്കറ്റ് കൗണ്ടറിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിനിടെ ചില കോൺഗ്രസ് പ്രവർത്തകർ മീഡിയ വൺ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയായിരുന്നു. മീഡിയ വൺ മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞിട്ടും അവരെ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ല. ഐഡന്റിറ്റി കാർഡ് കാണിച്ചപ്പോൾ കാർഡിന്റെ ഫോട്ടോ എടുക്കണം എന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ ഐ.ഡി കാർഡ് ഫോട്ടോ എടുക്കേണ്ട കാര്യമില്ല എന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു. ഇതേത്തുടർന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ ഉന്തും തള്ളുമുണ്ടായി.
ഇവിടെ എല്ലാ വിദ്യാർഥികൾക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും, വിദ്യാർത്ഥികൾക്ക് ആർക്കും ഒരു പരാതിയും ഇല്ലെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞത്. നിലവിൽ ഓണാവധിക്ക് കോളേജ് ഹോസ്റ്റലുകൾ അടച്ചതിനെ തുടർന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് കൊച്ചിയിൽ കുടുങ്ങി കിടക്കുന്നത്. ഓരോ ദ്വീപിലേക്കും വളരെ പരിമിതമായ ടിക്കറ്റുകളാണ് വിദ്യാർത്ഥികൾക്കായി മാറ്റിവെച്ചത്. മാറ്റിവെച്ച മുഴുവൻ ടിക്കറ്റുകളും നൽകിയാലും ആയിരത്തോളം വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ സാധിക്കില്ല. അതിനിടയിലാണ് വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നവുമില്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.