തിരുവനന്തപുരം: ലക്ഷദ്വീപിന് മദ്യം വില്‍ക്കാൻ ബെവ്കൊയ്ക്ക് അനുമതി നല്‍കി സർക്കാർ. മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തെ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി. മദ്യം വില്‍ക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കി.
മദ്യ നിരോധനം നിലനില്‍ക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വില്‍പ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ജനവാസം ഇല്ലാത്ത ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി നിയന്ത്രണങ്ങളോടെ മദ്യം വിളമ്ബുന്നത്. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നല്‍കിയത്.
മദ്യ വില്‍പ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാല്‍ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നല്‍കി. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തില്‍ നിന്നും വലിയതോതില്‍ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തില്‍ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവില്‍പ്പനക്ക് അനുമതിയില്ല. അതിനാല്‍ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടു. എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സർക്കാർ, ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവില്‍പ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നല്‍കി.
ലക്ഷദ്വീപ് ഭരണകൂടം ഏതൊക്കെ ബ്രാൻഡ് വേണം, എത്ര രൂപക്ക് മദ്യം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ ബെവ്കോയ്ക്ക് നല്‍കണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്സൈസിന്‍റെ പ്രത്യേക അനുമതിയും വേണം. ഈ നടപടി പൂർത്തിയാക്കിയാല്‍ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളില്‍ നിന്നും മദ്യം ലക്ഷദ്വീപിലേക്ക് കയറ്റി അയക്കും.