ഇന്ത്യന്‍ ഭരണഘടനയിലെ ഒന്ന്, രണ്ട്, മൂന്ന് വകുപ്പുകളാണ് കേന്ദ്രഭരണപ്രദേശ രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. സ്വന്തമായി സര്‍ക്കാരുകളോ നിയമസഭകളോ ഇല്ലാതെ പ്രസിഡന്റ് നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഭരിക്കുന്ന പ്രദേശങ്ങളാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍. 1956 നവംബര്‍ ഒന്ന് മുതല്‍ ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമാണ്.
സാങ്കേതികമായി പ്രസിഡന്റ് ഭരിക്കുന്നു എന്നെല്ലാം പറയാമെങ്കിലും പ്രായോഗികമായി എല്ലാ അധികാരങ്ങളും ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണഘടനയിലധിഷ്ഠിതമായ ഏകാധിപത്യ ഭരണസംവിധാനമാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം. 2011 ലെ സെന്‍സസ് പ്രകാരം 64000 ത്തോളം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്തയക്കുന്നുണ്ട്. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് ലക്ഷദ്വീപില്‍ ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്നുണ്ട് എന്ന വലിയൊരു തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ 2023 ജൂണ്‍ ഒമ്പതിന് കവരത്തി സ്വദേശിയായ നസീര്‍ കെ.കെ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച വിവരവകാശ അപേക്ഷയില്‍, ലക്ഷദ്വീപില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് പ്രസിഡന്റിനാണ് അധികാരമെന്നാണ് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്. അതായത് ലക്ഷദ്വീപില്‍ നിന്നും തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധിക്ക് ലക്ഷദ്വീപിലെ ആഭ്യന്തര കാര്യങ്ങളില്‍ അധികാരമില്ല എന്നർത്ഥം. എന്നു മാത്രമല്ല അദ്ദേഹത്തിന് പാര്‍ലമെന്റിലൂടെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന കാര്യത്തിലും ഒട്ടേറെ പരിമിതികളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
അഡ്മിനിസ്‌ട്രേറ്റര്‍ തലവനായികൊണ്ടുള്ള ഒരു സിംഗിള്‍ ലൈന്‍ ഭരണസംവിധാനമാണ് ലക്ഷദ്വീപില്‍ നിലവിലുള്ളത്. ഏറ്റവും മുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍, അതിനുതാഴെ അഡ്വവൈസര്‍ ടു ദി അഡ്മിനിസ്‌ട്രേറ്റര്‍, പിന്നെ ഡിപാര്‍ട്‌മെന്റ് സെക്രട്ടറിമാര്‍, അതിനുതാഴെയായി അതതു വകുപ്പുതലവന്മാര്‍. ഈ ശ്രേണിയിലാണ് ലക്ഷദ്വീപിലെ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നത്. വകുപ്പുതലവന്മാര്‍ക്കു താഴെ വിവിധ തസ്തികകളിൽ ലക്ഷദ്വീപിലെ ഉദ്യോഗസ്ഥന്മാര്‍ ജോലി ചെയ്യുന്നു. പ്ലാനിംഗ് വകുപ്പിന്റെ തലവനായി ഇപ്പോള്‍ ഒരു ലക്ഷദ്വീപുകാരനുണ്ടെങ്കിലും അത് പൂര്‍ണ അര്‍ഥത്തില്‍ ഡയറക്ടറെന്നു പറയാന്‍ തക്കതായ നിയമനമല്ല. കാരണം വകുപ്പുതലവന്മാരുടെ പതിനാലു പോസ്റ്റുകളും ഡാനിക്‌സ് സര്‍വീസുകാര്‍ക്കായി നീക്കിവെച്ചിട്ടുള്ളതാണ്. നിലവില്‍ ലക്ഷദ്വീപുകാരാരും ഡാനിക്‌സ് സര്‍വീസിലില്ല.
ലക്ഷദ്വീപില്‍ നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് യാതൊരു സ്ഥാനവുമില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ലക്ഷദ്വീപിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്ന തുക ഏകദേശം 1300 കോടിയാണ്. ഈ തുക എങ്ങനെയാണ് ചിലവഴിക്കുക എന്നുതുള്‍പ്പെടുത്തിക്കൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഡിമാന്റ് ഡോക്യമെന്റ് എല്ലാ വര്‍ഷവും സമര്‍പ്പിക്കുന്നുണ്ട്. അതായത് ലക്ഷദ്വീപില്‍ ഒരു വര്‍ഷമെന്തെല്ലാം കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്നുണ്ട് എന്ന് തീരുമാനിക്കുന്ന ഡോക്യുമെന്റ്. ഇത് തീരുമാനിക്കുന്നത് വകുപ്പുതലവന്മാരെ ഉള്‍പ്പെടുത്തിയുള്ള ബഡ്ജറ്റ് മീറ്റിംഗിലാണ്. നേരത്തെ ഇത് പ്ലാനിംഗ് മീറ്റിംഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മീറ്റിംഗില്‍ പോലും എം.പി ഒരു ക്ഷണിതാവല്ല. എല്ലാം തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വകുപ്പുതലവന്മാരാണ്. ഇതിനെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ഉദ്യോഗസ്ഥ ഭരണമോ ഏകാധിപത്യ ഭരണമോ ഒക്കെയാണ്. ഒരു ഉദാഹരണത്തിന് മത്സ്യബന്ധനമേഖലയുമായുള്ള ഒരു തീരുമാനമെടുക്കുമ്പോള്‍ കേരളത്തിലാണെങ്കില്‍ സ്ഥലം എം.എല്‍.എ ഉണ്ടാകും, എം.പിയുണ്ടാകും, മത്സ്യബന്ധന തൊഴിലാളി നേതാക്കളുണ്ടാകും. ലക്ഷദ്വീപില്‍ ഇതൊന്നുമില്ല. വകുപ്പ് മേധാവികള്‍ ബഡ്ജറ്റ് മീറ്റിംഗിലെ കാര്യങ്ങള്‍ ജനങ്ങളെ പിന്നീട് അറിയിക്കുകയാണ് ചെയ്യുന്നത്.
ഈ പറയുന്ന വിഷയങ്ങള്‍ കക്ഷിരാഷ്ട്രീയ ആരോപണമല്ല. മറിച്ച് മാറ്റിയെടുക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്. ഇതാണ് ലക്ഷദ്വീപിന്റെ ഭരണസംവിധാനത്തിന്റെ സ്വഭാവം. 75 വര്‍ഷമായി നമ്മള്‍ ഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഈ ഭരണ സംവിധാനത്തിലൂടെയാണ്. അവസാനമായി നാം ഓര്‍ക്കേണ്ട കാര്യം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നതാണ്.
This Article was Originally published in BELARAM.