ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ തർക്കങ്ങൾ തുടരുന്നതിനിടെ ലക്ഷദ്വീപിൽ രണ്ട് മിലിട്ടറി വിമാനത്താവളങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രതിരോധ മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ രണ്ടു ദ്വീപുകളിൽ മിലിട്ടറി എയർപോർട്ട് സ്ഥാപിക്കാനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത് എന്ന് പ്രതിരോധ വക്താക്കളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മൂന്ന് സേനകളുടെയും നേതൃത്വമായ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം സ്ഥാപിക്കാനും അഗത്തി വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കൂട്ടാനുമാണ് അനുമതി നൽകിയിരിക്കുന്നത്.
വിവിധോദ്ദേശ്യ വിമാനത്താവളങ്ങളിൽ മിലിട്ടറി വിമാനങ്ങൾക്ക് പുറമെ വാണിജ്യ വിമാനങ്ങൾക്കും ഇറങ്ങാനുള്ള സൗകര്യങ്ങളുണ്ടാവും. എല്ലാതരം ഫൈറ്റർ, ട്രാൻസ്പോർട്ട് വിമാനങ്ങളും ഇറങ്ങാൻ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. കൂടാതെ, ലോങ്ങ് റേഞ്ച് ഡ്രോൺ വിമാനങ്ങളും ഇറക്കാൻ കഴിയുന്നതാവും ലക്ഷദ്വീപിലെ വിമാനത്താവളങ്ങൾ.
ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്കിസ്ഥാനുമായി ചേർന്ന് ചൈനീസ് പട്ടാളം അവരുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ യൂണിയൻ സർക്കാർ നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കീഴിൽ നിർമ്മിക്കുന്ന വിമാനത്താവളം ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കും. കൂടാതെ ഇന്ത്യൻ കോസ്റ്റ് ഗാർഡിനും ഈ വിമാനത്താവളങ്ങൾ ഉപയോഗിക്കാനാവും.
ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മിനിക്കോയ് ദ്വീപിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഒരു വിമാനത്താവളം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഇന്ത്യൻ വ്യോമസേനയുടെ കീഴിലാവും പ്രധാന പ്രവർത്തനങ്ങൾ നടക്കുക. മാലിദ്വീപിൽ നിന്നും ഏതാണ്ട് 50 നോട്ടിക്കൽ മൈൽ ദൂരെയാണ് മിനിക്കോയ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പുതിയ വിമാനത്താവളം വരുന്നതോടെ അറബിക്കടലിലുള്ള ഇന്ത്യൻ സേനയുടെ നിരിക്ഷണ പരിധി കൂടുതൽ വ്യാപിപ്പിക്കാനാവും. കൂടാതെ, സർക്കാർ ആസൂത്രണം ചെയ്തത് പോലെ ടൂറിസം രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും.